The House on Via Gemito എന്ന നോവൽ Domenico Starnone എഴുതിയ ഒരു സെമി ഫിക്ഷനൽ അക്കൗണ്ട് ആണ് – അയാളുടെ ആർട്ടിസ്റ്റായ പിതാവിനെക്കുറിച്ചെല്ലാമുള്ളത്. ഏറെക്കുറെ മെംവാർ സ്വഭാവമാണ് ഈ പുസ്തകത്തിന് – അതിന്റെ കവറിലെ ചിത്രമാണ് (ദി ഡ്രിങ്കേഴ്സ്) അച്ഛന്റെ മാസ്റ്റർപീസ് – തന്റെ മധ്യവയസ്സിൽ മകൻ അത് തിരഞ്ഞു നടത്തുന്ന യാത്രയും, അയാളുടെ ഭൂതകാലസ്മരണകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. എന്നാൽ അച്ഛൻ ടിപ്പിക്കൽ ഓൾഡ് സ്കൂൾ ആർട്ടിസ്റ്റായിരുന്നു. സുന്ദരിയായ അമ്മയെ സംശയമായിരുന്നു എന്ന് മാത്രമല്ല അവരെ ഉപദ്രവിയ്ക്കുന്നത് ആവേശവും. മകൻ അച്ഛനെ ആർട്ടിസ്റ്റെന്ന നിലയിൽ ബഹുമാനിയ്ക്കുന്നുവെങ്കിലും തന്റെ അമ്മയോടുള്ള സമീപനവും തന്റെ അനവധി മാനസിക സമ്മർദ്ദങ്ങൾക്ക് അയാൾ കാരണമായതും (സെക്ഷ്വൽ അടക്കം) അവനു സഹിയ്ക്കാൻ കഴിയുന്നില്ല. എന്നാൽ റിയാലിറ്റി ഡിസ്റ്റോർഷൻ (നമ്മുടെ ഫിക്ഷനിൽ മാധവിക്കുട്ടി, ടെക്കിൽ ആണെങ്കിൽ സ്റ്റീവ് ജോബ്സ്, പൊളിറ്റിക്സിൽ ഫാസിസ്റ്റുകൾ, തുടങ്ങി അനവധി ആളുകൾ ഇതിൽ സ്കില്ലുള്ളവരാണ്) ആണ് അച്ഛന്റെ തുറുപ്പുചീട്ട്. അയാൾ ലോകയുദ്ധകാലത്ത് സൈന്യത്തിൽ ചേരാൻ പോയി മടക്കി അയയ്ക്കപ്പെട്ടപ്പോൾ അയാളുടെ അച്ഛൻ ഏതോ സ്വാധീനം വഴി മകനെ ആർമിയിൽ ചേർത്തു. എന്നാൽ കമ്മ്യൂണിസ്റ്റുകളോടും ഫാസിസ്റ്റുകളോടും തരംപോലെ അടുക്കാൻ അയാൾക്ക് കഴിഞ്ഞു – അയാൾക്ക് തന്റെ ചിത്രങ്ങൾ പ്രദർശിപ്പിയ്ക്കുക,കീർത്തിനേടുക എന്ന രണ്ടു കാര്യങ്ങളെ ജീവിതത്തിൽ ഉണ്ടായിരുന്നുള്ളൂ. ആർട്ടിസ്റ്റുകളോട് അടുപ്പമുണ്ടാക്കാനും തന്റെ ചിത്രങ്ങൾ ഗ്യാലറികളിൽ എത്തിയ്ക്കാനും അയാൾക്ക് കഴിഞ്ഞു – എന്നാൽ കലാലോകത്തെയും പുറത്തെയും പൊളിറ്റിക്സിൽ അയാൾ പലപ്പോഴും തഴയപ്പെട്ടു. ഇടുങ്ങിയ വീട് എപ്പോഴും പെയിന്റിന്റെയും കെമിയ്ക്കൽസിന്റെയും മണം കാരണം ദുസ്സഹമായിരുന്നു – അയാളില്ലാതെ ഭക്ഷണം കഴിയ്ക്കാൻ പോലും സാധ്യമല്ലാത്തതുകൊണ്ട് അയാളുടെ കല കുടുംബത്തിന് നിത്യദ്രോഹമായിരുന്നു. പരാതി പറഞ്ഞാൽ അമ്മ അടികൊള്ളും. അവസാനമാണ് അയാൾ തന്റെ മാസ്റ്റർപീസ് ആവുമെന്ന് ആദ്യമേ തീർച്ചയാക്കിയ “ഡ്രിങ്കേഴ്സ്” വരയ്ക്കാൻ തുടങ്ങുന്നത്. മകനായിരുന്നു മോഡൽ (ചിത്രം നോക്കുക) – സ്കൂൾ കഴിഞ്ഞുവന്നാൽ അച്ഛന്റെ മുന്നിൽ മുട്ടുകുത്തിനിൽക്കുക എന്നതാണ് മകന്റെ ജോലി. അച്ഛൻ ആരെയും മോഡൽ ആക്കുമായിരുന്നു. പച്ചക്കറി കൊണ്ടുവരുന്ന ആൾ, സുഹൃത്തുക്കൾ അങ്ങനയങ്ങനെ. കാലങ്ങളെടുത്താണ് ചിത്രം പൂർത്തിയാകുന്നത് – അപ്പോഴാണ് ചിത്രത്തിലെ ഒരു കുറവ് മകൻ തന്നെ കണ്ടുപിടിയ്ക്കുന്നത്.

നോവൽ വായിച്ചപ്പോൾ ഓർമ്മ വന്നത് ഗോസ്പോഡിനോവിന്റെ ഗാർഡനർ എന്ന (പവർഫുൾ) ഓർമ്മക്കുറിപ്പാണ്. രണ്ടച്ഛന്മാർ. ഒരാൾ കലാകാരൻ. മറ്റൊരാൾ കലാകാരന്റെ അച്ഛൻ. രണ്ടും തമ്മിൽ വ്യത്യാസമില്ലേ, ഉണ്ട്.
പൊ.ക. മലയാളികളുടെ വീക്നെസ് ആയതുകാരണം ഈ പുസ്തകം ഒച്ചപ്പാടുണ്ടാക്കേണ്ടതാണ്. എന്നാൽ കുറിപ്പുകളൊന്നും ഞാൻ എവിടെയും കണ്ടില്ല (ദൈർഘ്യം തന്നെ സംഗതി). പണ്ട് ഏർപെൻബെക്കിന്റെ “കൈറോസി”ലെ പൊക ഇഷ്യൂസ് ആരും കാണാത്തതിനെപ്പറ്റി ഞാൻ പോസ്റ്റിട്ടപ്പോൾ സർക്കാസം മനസ്സിലാകാതെ ചില കമന്റുകൾ എനിയ്ക്ക് കിട്ടി. ശരാശരി നോവലാണ് കൈറോസ് എനിയ്ക്ക്. ഈ നോവലിൽ ഇതേ ഇഷ്യൂസ് ഉളളപ്പോഴും മകന്റെ വ്യൂ പോയിന്റ് വളരെ കൃത്യമാണ് – ദാറ്റ്സ് ഹൗ യു റൈറ്റ് ഇറ്റ്. മരണക്കിടക്കയിൽപോലും നഴ്സുമാരോട് സൊള്ളുകയും തന്റെ കഴപ്പിനെപ്പറ്റി സംസാരിയ്ക്കുകയും ചെയ്യുന്ന അച്ഛനെ കാണുമ്പൊൾ ഇളയമകൻ കരയുന്നു – മൂത്തവന് ഒരു കുലുക്കവുമില്ല. തന്നെക്കൊണ്ട് അച്ഛൻ കൗമാരത്തിന്റെ ആരംഭകാലത്ത് സെക്ഷ്വൽ റെഫെറെൻസ് ഉള്ള ഒരു ഗ്രാഫിറ്റി പരിഹാസത്തോടെ കുടുംബത്തിന് മുന്നിൽവച്ച് വായിപ്പിച്ചത് അയാൾ ഒരിടത്ത് ഓർക്കുന്നുണ്ട്. ഇത്തരം ട്രോമകൾ അനുഭവിച്ചവർക്ക് മാത്രമേ അത് മനസ്സിലാകൂ എന്നതുമാവാം.