ആരാണ് പാരസൈറ്റുകൾ?

സാധാരണ സിനിമയെപ്പറ്റി ഞാനധികം എഴുതാറില്ല. എന്നാൽ ഇന്ന് ചില മലയാളി എഴുത്തുകാരും പ്രഖ്യാപിത ബുദ്ധിജീവികളിൽ (പണ്ട് സ്വയം പ്രഖ്യാപിത ഭീകരവാദി നേതാക്കളുണ്ടായിരുന്നു കാഷ്മീർ താഴ്വരയിലൊക്കെ) ചിലരും ഓസ്കാർ നേടിയ കൊറിയൻ സിനിമ, Parasite – നെ നിശിതമായി വിമർശിയ്ക്കുന്നത് ശ്രദ്ധയിൽ പെടുകയുണ്ടായി. Bong Joon-ho is an accomplished director. Host, Memories of Murder, മാംഗ നോവലിനെ അടിസ്ഥാനമാക്കിയുള്ള Snowpiercer, Okja തുടങ്ങിയ സിനിമകൾ എടുത്തിട്ടുള്ള ആളാണ് Bong – അതിൽ ഓരോന്നും അതാതു ജോണ്റെകളിൽ ശക്തമായ സിനിമകളാണ്, വിശിഷ്യാ Memories. Host അത് വന്ന കാലത്ത് ഹോളിവുഡിന്റെ ബില്യൺ ഡോളർ ഇൻഡസ്ട്രി പടച്ചുവിടുന്ന CGI സിനിമകളെ അതിശയിയ്ക്കുന്നതായിരുന്നു. Parasite-ലെ അച്ഛനായി വരുന്ന Kang Ho Song എന്ന നടനാകട്ടെ Host എന്ന സിനിമയിലുമുണ്ട്. രണ്ടുമൂന്നുവർഷം മുന്നെ ഫെസ്റ്റിവലുകളിൽ തരംഗമായിരുന്ന Howling (മാംഗ അടിസ്ഥാനമാക്കിയുള്ള മറ്റൊരു സിനിമ) എന്ന സിനിമയിലും Kang ആയിരുന്നു കേന്ദ്ര കഥാപാത്രം. Buster Keaton -നെ ഓർമ്മിപ്പിയ്ക്കുന്ന ഒരു നടനാണ് അയാൾ. അയാളുടെ ഒരു കോമിക് സാന്നിധ്യം ഹോസ്റ്റിലും, ഹൗളിങ്ങിലും, പാരാസൈറ്റിലും സംവിധായകർ വിദഗ്ദമായി ഉപയോഗിച്ചിട്ടുണ്ട്. ആ, ഗൗരവതരമായ, കഥകൾക്ക് മറ്റൊരു മാനം നൽകുന്ന വിധത്തിൽ അയാൾ മാറി എന്നർത്ഥം. ഹാസ്യമാണ് പാരാസൈറ്റിലും ഒരു പ്രധാന ഘടകം. ഇത്തരം ഹാസ്യം (ജാപ്പനീസ് കൊറിയൻ സിനിമകളിൽ പൊതുവെ കാണുന്ന തരത്തിലുള്ളവ) എങ്ങനെ വർക്ക് ചെയ്യുന്നു എന്ന് ശ്രദ്ധിയ്ക്കാത്തതാണ് പലരുടെയും പരിഹാസത്തിന്റെ കാതൽ(ഹൗളിങ് കാണുക).

ക്‌ളാസ് കോൺഫ്ലിക്റ്റ് തന്നെയാണ് ഈ സിനിമയുടെ പ്രധാന വിഷയം. എന്നാൽ അത് കേവലം ഉയർന്ന ഭൂപ്രദേശത്തു താമസിയ്ക്കുന്ന സമ്പന്നരുടെ വീടുകളുടെയും ഗ്രൗണ്ട് ലെവലിനു താഴെ കഴിയുന്ന പാവപ്പെട്ടവരുടെ വീടുകളുടെയും പ്രതിനിധാനം കൊണ്ടുമാത്രമല്ല സിനിമയിൽ പ്രത്യക്ഷമാകുന്നത്. ടോം ആൻഡ് ജെറി കാർട്ടൂണുകളിൽ, ഹോളിവുഡ് പോപ്പുലർ സിനിമകളിൽ, വിശിഷ്യാ വെള്ളക്കാരൻ saviour ആയി വരുന്ന ഹോളിവുഡ് സിനിമകളിൽ (അവതാർ വരെയുണ്ട് അക്കൂട്ടത്തിൽ) എല്ലാം പലപ്പോഴും കടന്നുവരുന്ന റെഡ് ഇന്ത്യൻസിന്റെ costume കിഴക്കൻ രാജ്യമായ കൊറിയയിലെ സമ്പന്നരുടെ exotic സംഗതിയായി വരുന്നതിന്റെ പരിഹാസ്യത നോക്കൂ. അതുപോലെ ബേസ്‌മെന്റിൽ ഒളിച്ചു താമസിയ്ക്കുന്ന ആൾ തലകൊണ്ടടിച്ചു ലൈറ്റ് തെളിയിയ്ക്കുന്ന രംഗം – വീട്ടുടമസ്ഥൻ വിചാരിയ്ക്കുന്നത് ആളുകളുടെ സാന്നിധ്യത്തിൽ മാത്രം തെളിയുന്ന തരം വിളക്കുകൾ എന്തോ കാരണം കൊണ്ട് വർക്ക് ചെയ്യുന്നില്ല എന്നാണ്. ഇതുപോലെ നൂറുകണക്കിന് ആളുകൾ വെള്ളപ്പൊക്കത്തിൽ താമസം ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുമ്പോൾ വീട്ടിൽ പാർട്ടി നടത്തുകയാണ് ഉടമസ്ഥനും ഭാര്യയും (നമ്മുടെ തന്നെ കഴിഞ്ഞ രണ്ടുവർഷത്തെ കെടുതികൾ ഓർക്കുക). ക്ലൈമറ്റ് ചേഞ്ച് കൂടി ഇവിടെ കടന്നു വരുന്നു, അത് തന്നെയാണ് Snowpiercer-ലെ ആശയവും. ഹോസ്റ്റിലും, Okja-യിലും അടിസ്ഥാന തീം സമാനമാണ്. അപ്പോൾ സംവിധായകന്റെ സിനിമകളിൽ വളരെ ശക്തമായ രാഷ്ട്രീയം വേരോടുന്നുണ്ട് എന്ന് കാണാം. അതുപോലെ സമ്പന്നർക്കെതിരെ “പോരാടുന്ന”താഴെക്കിടയിലുള്ള ആളുകളാകട്ടെ തമ്മിൽത്തമ്മിലും പോരടിയ്ക്കുന്നു. അതും ഈ സിനിമകളിൽ കാണാവുന്ന ഒരു സ്ഥിരം ചേരുവയാണ്. മലയാള സിനിമകളിലെ പോലെ കൊടി/മുദ്രാവാക്യം/മാനറിസം പോലുള്ള ക്ളീഷെകൊണ്ടല്ല അവിടങ്ങളിൽ ക്‌ളാസ് കോൺഫ്ലിക്ടിന്റെ സങ്കീർണ്ണത രേഖപ്പെടുത്തുന്നത്. ചില നിരൂപകർ Jordan Peele-ന്റെ Us എന്ന സിനിമയുമായി ചേർത്തും Parasite-നെ വായിയ്ക്കുന്നുണ്ട്. എന്ത് മാത്രം ഭീദിതമാണ് ആ സിനിമയുടെ അന്തരീക്ഷം എന്നുമോർക്കാവുന്നതാണ്. അയാളുടെ Get Out എന്ന സിനിമയിലും ക്ലാസ് കോൺഫ്ലിക്റ്റ് ആയിരുന്നു കേന്ദത്തിൽ. പാരാസൈറ്റിലും അന്തരീക്ഷം പ്രധാനമാണ്. അവസാനം അത് ക്രൂരമായ ഒരു തമാശയായി മാറുന്നു. മകൻ ആ വീട് വാങ്ങാൻ എത്ര കാലം ജോലി ചെയ്യണം എന്ന കണക്കൊക്കെ സിനിമയിൽ പറയുന്നുണ്ട്. അത് ശരിയ്ക്കും അസാധ്യമായ ഒരു സംഗതിയാണ് – സന്തോഷമുള്ള കഥാന്ത്യത്തിന് കാത്തിരിയ്ക്കുന്ന പ്രേക്ഷകൻ നിരാശനാകുന്നു.

ചുരുക്കത്തിൽ ലോകസിനിമ, മലയാള സിനിമകളിൽ ചർച്ച ചെയ്യുന്നു എന്നവകാശപ്പെടുന്ന തത്വചിന്തയും, സ്ഥിരം ചേരുവയും ചർവ്വിതചർവ്വണവുമായ എക്സിസ്റ്റെൻഷ്യൽ വിഷയങ്ങളും, ഞെരിയാണി വരെപോലും ആഴമില്ലാത്ത പൊളിറ്റിക്‌സും മറ്റുമല്ല കൈകാര്യം ചെയ്യുന്നത്. ഇവിടെ ആഘോഷിയ്ക്കപ്പെടുന്ന സിനിമകൾ ബിജുവിന്റെ ബാലിശമായ സൃഷ്ടികളും, സനലിന്റെ ജുഗുപ്സയുളവാക്കുന്ന ഫെറ്റിഷുകളും ഒക്കെയാണ്. അമീബ പോലുള്ള ആഭാസങ്ങളും ഇവിടെ സിനിമയാണ്. മൺറോ തുരുത്ത് എന്ന സിനിമയുടെ പരസ്യം ഈ സിനിമ ബുജികൾക്കു വേണ്ടിയല്ല എന്നായിരുന്നു. അപ്പോൾ ഇത്തരം സിനിമകളെ സപ്പോർട് ചെയ്യുന്നവർക്കും കാര്യമായ തകരാറുണ്ടെന്ന് അർത്ഥം. അതും കുഴപ്പമില്ല, എന്നാൽ വിയോജനം എന്ന നാട്യേന തങ്ങളുടെ അജ്ഞതയും ബൗദ്ധിക ബലഹീനതയും പബ്ലിക് സ്പെയ്സിലേയ്ക്ക് വാരിയെറിയുന്ന മലയാളി ബുജികൾ ഒരു പ്രത്യേക ജനുസ്സായി പരിഗണിയ്ക്കെപ്പെടേണ്ടവരാണ്. സ്‌നേഹമില്ലാത്ത രതിയിൽ നിന്നാണ് ഓട്ടിസ്റ്റിക് കുട്ടികൾ ഉണ്ടാകുന്നത് എന്ന മഹദ് വചനം ഉരുവിട്ട മാതൃഭൂമി എഡിറ്ററും, അമ്പത് പേജ് വായിച്ചു പുസ്തകം വിലയിരുത്താൻ ആഹ്വാനം ചെയ്യുന്ന പൾപ്പ് നോവലിസ്റ്റും എല്ലാമാണ് ഇവിടെ പോപ്പുലർ നരേറ്റീവ്‌ നിയന്ത്രിയ്ക്കുന്നത് എന്നോർക്കുമ്പോൾ മേൽപ്പറഞ്ഞ ബുജികളുടെ നിലപാടിൽ അത്ഭുതപ്പെടാനും തോന്നുന്നില്ല. ഈയിടെയായി ഇമ്മട്ടിലുള്ള ബുദ്ധിജീവിത പാപ്പരത്തമാണ് മലയാളിയുടെ അടിസ്ഥാന സ്വഭാവം. ഇവിടെ വലതു പക്ഷത്തിനു വേരോട്ടം കൂടുന്നതിൽ അത്ഭുതമില്ല. കൊക്കേഷ്യൻസ് കൊടുക്കുന്ന അവാർഡ് വാങ്ങി ഏഷ്യക്കാരെ അപമാനിച്ചു എന്നൊക്കെ വ്യഖ്യാനം വരാനും മതി – എന്നാൽ ഹോളിവുഡ് സിനിമ ഒന്നൊഴിയാതെ കാണുകയും ചെയ്യും, മേൽപ്പടിയാന്മാർ.

കനമുള്ള (പേജുകളുടെ എണ്ണമല്ല, ഇരുനൂറ് പേജാണല്ലോ മലയാളത്തിലെ പ്രമുഖ നിരൂപകൻ റെക്കമെന്റ് ചെയ്യുന്ന നീളം) പുസ്തകങ്ങൾ വായിയ്ക്കുകയോ, ആശയ സംവാദം നടത്തുകയോ, ലോകത്തെ രണ്ടു കണ്ണ് തുറന്നു കാണുകയോ, വ്യക്തമായ രാഷ്ട്രീയമുണ്ടാവുകയോ ചെയ്യാത്ത ഇവിടത്തെ അരാഷ്ട്രീയ എഴുത്തുകാരും ബുജികളുമാണ് യഥാർത്ഥത്തിൽ നമ്മുടെ സമൂഹത്തിലെ പാരസൈറ്റുകൾ – അവർക്കു സിനിമയിൽ അവരെ തന്നെ കാണുന്നതിന്റെ ചെടിപ്പാണ് എന്ന് തന്നെ കരുതണം. മഴ പെയ്തത് കൊണ്ട് വെള്ളപ്പൊക്കം ഉണ്ടായി എന്നല്ലാതെ (സർക്കാർ ഡാം തുറന്നതുകൊണ്ടാണ് അതുണ്ടായതെന്നു വാദിച്ച എഴുത്തുകാരും ഉണ്ട്) അത് കാപിറ്റലിസ്റ്റ് ചൂഷണത്തിന്റെ അനന്തര ഫലമാണ് എന്ന് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസം Bong Joon-ho-യ്ക്കുണ്ട് എന്നും തങ്ങൾക്ക് പത്മരാജൻ നോവലിലെ മഴയുടെ ഇക്കിളിപ്പൈങ്കിളി മാത്രമേ അറിയൂ എന്നുമുള്ള അപകർഷതയും കൂടിയാണത്. നമുക്ക് രാഷ്ട്രീയം എന്നാൽ സംവാദമല്ല , വെറും മുന്നൊരുക്കത്തോട് കൂടി നടത്തുന്ന, ഫോർമുലയൊപ്പിച്ചുള്ള, സംസാരമാണ് – പലപ്പോഴും നമ്മുടെ ലിറ്റ് ഫെസ്റ്റുകളിൽ നടക്കുന്നപോലെ വൺ സൈഡഡ് ഭാഷണങ്ങൾ. കാണികൾക്ക് അവിടെ റോളൊന്നുമില്ല. അതുകൊണ്ടു വിഡ്ഢികളുടെ സംസാരം തുടർന്നുകൊണ്ടിരിയ്ക്കും. സഹിയ്ക്കുക തന്നെ.

4 thoughts on “ആരാണ് പാരസൈറ്റുകൾ?”

  1. Pingback: സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -2 – Bookmark

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top