ആൻഡ് ദ അവാർഡ് ഗോസ് റ്റു

2020-ലെ സാഹിത്യ ആക്കാദമി അവാർഡ് ലിസ്റ്റ് നോക്കുകയായിരുന്നു. ഏതെങ്കിലും ബിഗ് നെയിംസിന്റെ മക്കളായിരിയ്ക്കുക, സിനിമ പോലുള്ള പോപ്പുലർ മാധ്യമങ്ങളിൽ ഇടമുള്ളയാളായിരിയ്ക്കുക (ഇന്ദുഗോപൻ എന്ന ശരാശരി എഴുത്തുകാരന്റെ പ്രശസ്തി ഈ ഒരു കാര്യത്തിൽ നിന്ന് മാത്രമാണ് വരുന്നത്, അയാളുടെ എഴുത്തുകൾ അയാളുടെ പ്രശസ്തിയെ ഒരുതരത്തിലും ന്യായീകരിയ്ക്കുന്നില്ല) എന്നിവയൊക്കെയാണ് ഇപ്പോഴും ഒരു അക്കാദമി അവാർഡ് “തരമാക്കുന്ന”തിന്റെ മാനദണ്ഡം. സംഗീത ശ്രീനിവാസൻ ഒരു മീഡിയോക്കർ എഴുത്തുകാരിയാണ്, അവരുടെ ആസിഡോ, പൂക്കൾ എയ്‌റോപ്ലെയിൻ എന്നോ മറ്റോ പേരുള്ള ചവർ സ്റ്റോറിടെല്ലിൽ ഉള്ളതോ മറ്റോ നോക്കുക. അവർ ഡീസന്റ് പരിഭാഷക ആണെന്നത് സത്യം, എന്നാൽ ഫിറന്തേയുടെ ഏറ്റവും തല്ലിപ്പൊളി പുസ്തകമാണ് അബാൻഡൻഡ് ഡേയ്സ്. ഈ നോവൽ മലയാളത്തിൽ പോപ്പുലർ ആയിരിയ്ക്കുന്നത്, ഒരു തരം ഭ്രാന്തുപോലെ മലയാളി ലേഖനക്കാരെ ആവേശിച്ചിരിയ്ക്കുന്ന പൊളിറ്റിക്കൽ കറക്ട്നെസ്സ് വട്ടച്ചൊറി മൂലമാണ്. കോളേജ് വാധ്യാരോ മറ്റോ ആയ ഒരു വനിത, ക്ലബ്ഹൗസിൽ ബുക്കർ നേടിയ ഡേവിഡ് ഡിയൊപ്പിന്റെ നോവലിലെ സ്ത്രീ വിരുദ്ധതയെപ്പറ്റി ഘോരഘോരം പ്രസംഗിയ്ക്കുകയായിരുന്നു. ആ നോവൽ എനിയ്ക്കിഷ്ടമായ ഒന്നല്ല എന്നാൽ അതിന്റെ രാഷ്ട്രീയ പശ്ചാത്തലം നിസ്സാരമല്ല, വാർ ഓഫ് അട്രിഷൻ എന്ന പുസ്തകം നോക്കുക, ഒന്നാം ലോക മഹായുദ്ധകാലത്ത് ഫ്രാൻസും ബ്രിട്ടനും എങ്ങനെയാണു തങ്ങളുടെ സൈനികർക്കു പകരം കോളനികളിലെ സൈനികരെ ഉപയോഗിച്ചത് എന്നതിന്റെ വിവരണമാണത് (എന്നിട്ട്, വെള്ളക്കാരായ സൈനികരെ താന്താങ്ങളുടെ നാട്ടിൽ “നവീകരണ പ്രവർത്തനങ്ങൾക്ക്” നിയോഗിച്ചു ) – അൾജീരിയ, സെനഗൽ തുടങ്ങി ഇന്ത്യയിൽ നിന്ന് പോലും ലക്ഷകണക്കിന് കറുത്ത വർഗ്ഗക്കാരെ ഇതിനായി അവർ കൊണ്ടുപോയി (ഓ സോറി ഇന്ത്യൻസ് വീറ്റിഷ് ഫെയർ ആണല്ലോ, അല്ലേ?), റൈനിൽ ചെന്നിറങ്ങിയ ആയിരക്കണക്കിന് കറുത്തവർഗ്ഗക്കാർക്കെതിരെ ജര്മന്കാർ “ടെറർ ഓൺ റൈൻ” എന്നറിയപ്പെടുന്ന ക്യാമ്പയിൻ നടത്തി, അതാകട്ടെ അമേരിക്കൻ വൈറ്റ്സ് കറുത്തവർഗ്ഗക്കാർക്കു നേരെ നടത്തിയ പ്രോപഗാണ്ടയിൽ നിന്ന് കടമെടുത്ത ആശയമായിരുന്നു (അതാണ് പിന്നെ നാസികൾ ജൂതന്മാർക്കു നേരെ നടത്തിയ പ്രചാരണത്തിന്റെ ആദ്യരൂപം) – അപ്പോൾ ഡിയൊപ്പിന്റെ നോവൽ എവിടെയെത്തിയെന്നു നോക്കൂ, ചരിത്രത്തിലെ ഏറ്റവും വലിയ അനീതികളിലൊന്നിനെപ്പറ്റിയാണ് അത്, ഇതിനെപ്പറ്റിയാണ് കേവല സ്ത്രീവിരുദ്ധത എന്ന ഒറ്റ ഒട്ടിപ്പോ സ്റ്റിക്കർ വച്ച് ചില ലേഖന ക്ഷീരബലക്കാർ ലേബലടിയ്ക്കുന്നത് – ഇതൊരു ട്രെൻഡാണ് മലയാളത്തിൽ. അൻവർ അലിയുടെ അല്ലെങ്കിൽ അതുപോലെ “പൊളിറ്റിക്കൽ” കവികളുടെ പല കവിതകളും ഇതുപോലുള്ള പൈങ്കിളി മുദ്രാവാക്യങ്ങളായിരിയ്ക്കുന്നതിന്റെയും സംഗതി ഇതാണ്, അതിനിവിടെ ഒരു മാർക്കറ്റുണ്ട്. ലോകസാഹിത്യത്തിലെ ഇപ്പോഴത്തെ ടോപ് നാലോ അഞ്ചോ എഴുത്തുകാരിൽ ഒരാളായ കി(ക്)നോസ്‌ഗാർഡ്-നെ ആരും വായിച്ചിട്ടില്ല, എന്നാൽ അയാളുടെ എക്സിന്റെ (ലിൻഡ ബോസ്‌ട്രോം ) -ന്റെ പുസ്‌തകങ്ങൾ പല ഫെയ്‌സ്ബുക്ക് സ്റ്റാർ നിരൂപകരും വായിച്ചിട്ടുണ്ട്, കാരണം അവർ ഇവിടത്തെ ഫെമിനിസ്റ്റുകളുടെ narrow sensibility-വിനെ ആവേശം കൊള്ളിയ്ക്കുന്ന സംഗതികളാണ് പറയുന്നത് – പോരാത്തതിന് അവരുടെ പുസ്തകങ്ങൾ 100 പേജുകളേ ഉള്ളൂ, കിനോസ്‌ഗാർഡ് 3500 ആണ്, വായനാ സൗകര്യം കൂടി നോക്കണമല്ലോ. ഏതായാലും ഡിയൊപ്പിനെപ്പറ്റി എനിയ്ക്കു ക്ളബ്ഹൗസിൽ നാലോ അഞ്ചോ സെഷനിൽ പറയേണ്ടി വന്നു. എന്നാൽ കവി അയ്യപ്പൻ പീഡോഫൈലിനെപ്പറ്റി ഫെയ്‌സ്‌ബുക്കിൽ പറഞ്ഞപ്പോൾ ഇതേ ആളുകൾ എന്നോട് ചോദിച്ചത് നിങ്ങൾ അങ്ങനെ ആണെങ്കിൽ നെരൂദയെ എന്ത് കൊണ്ട് വിമർശിയ്ക്കുന്നില്ല എന്നാണ്. അഥവാ, അയ്യപ്പൻ ശരിയാണ്. അല്ലെങ്കിൽ ഞാൻ ലോകത്തെ എല്ലാ എഴുത്തുകാരുടെയും മറ്റേ വട്ടച്ചൊറി ഭേദമാക്കണം.

പറഞ്ഞുവന്നത് പരിഭാഷയെപ്പറ്റിയാണല്ലോ. ഫിറന്തേയുടെ “തീ” പാറുന്ന സ്ത്രീ കഥാപാത്രങ്ങൾ മലയാളി കോളമെഴുത്തുകാർ ഉണ്ടാക്കിയെടുത്ത ഒരു മിത്താണ്. അത് അവരുടെ മറ്റുനോവലുകൾ വായിച്ചാൽ മനസ്സിലാകും. നിയാപോളിറ്റൻ നോവൽ സീരീസിലെ പീഡിപ്പിച്ച വൃദ്ധനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയാണ് നായിക. അതായിരിയ്ക്കും ആ നോവൽ ഇവിടെ പോപ്പുലർ ആവാത്തത് എന്നെനിയ്ക്കു തോന്നുന്നു. ഈ സംഗതിയെപ്പറ്റി ഞാൻ സീരീസിനെപ്പറ്റിയുള്ള കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഐ സോ റമല്ല എന്ന മുരീദ് ബെർഹുതിയുടെ പുസ്തകം ഇംഗ്ളീഷിൽ ഉജ്ജ്വലമാണ്. അതുകൊണ്ട് അനിതാ തമ്പി അതിന്റെ പരിഭാഷ ഇറക്കുന്നു എന്ന് കണ്ടപ്പോൾ ഞാനത് ഉടനെ വാങ്ങി വായിച്ചു. ഡിസിയും മറ്റും ചെയ്യുന്നപോലെ തിരക്കിട്ടു ചെയ്ത പരിഭാഷയായിരുന്നു, നിർഭാഗ്യവശാൽ, അത് – ഒറിജിനലിന്റെ എല്ലാ സൗന്ദര്യവും നശിപ്പിച്ച ഒന്നാണ് ആവശ്യത്തിലധികം പദസമ്പത്തുള്ള അനിത ചെയ്‌തത്‌. അതിന്റെ ഭംഗി “റമല്ല ഞാൻ കണ്ടു” എന്ന ടൈറ്റിലിൽ ഒടുങ്ങുന്നു എന്നതാണ് സത്യം. 2018 എനിയ്ക്ക് ഏറ്റവും നിരാശ വന്ന പുസ്തകമായിരുന്നു അത് (ഫെയ്‌സ് ബുക്കിൽ അന്ന് എഴുതിയിരുന്നു). ഈ രണ്ടു പുസ്തകങ്ങൾക്കും അവാർഡ് കൊടുക്കുക വഴി അക്കാദമി പറയുന്നത് നിങ്ങൾക്ക് ഇതിനൊക്കെയേ അര്ഹതയുള്ളൂ എന്ന് കൂടിയാണ്.

മലയാളസാഹിത്യത്തിൽ അടുത്തിറങ്ങിയവയിൽ ഏറ്റവും വലിയ പൈങ്കിളിയാണ്, അഥവാ മാത്യു മറ്റം ഒക്കെ എഴുതുന്ന തരം സമയം കൊല്ലി സാഹിത്യം, മുക്തകണ്ഠം വീകെഎൻ എന്ന ബയോഗ്രഫി സാഹസം. അതിനു അവാർഡ് കൊടുക്കുക വഴി അക്കാദമി മലയാളസാഹിത്യത്തിന്റെ നിലവാരം ഇടിച്ചിരിയ്ക്കുകയാണ്. സത്യത്തിൽ വീകെഎൻ എന്ന പേരിനാണ് അവാർഡ് എന്ന് കരുതണം (പദ്മനാഭൻ എന്ന് കേട്ടാൽ അച്ചടിയ്ക്കുന്ന വാരികകൾ ഉളളപോലെ). രഘുനാഥന് കാശു വാങ്ങി പോക്കറ്റിലിടാം. ഇറ്റ്സ് ജസ്റ്റ് ഫാൻ ബോയ് സർവീസ്. സമുദ്രശില പോലെയുള്ള നോവലുകൾക്ക് സജയ് കെവിപോലുള്ള വാധ്യാന്മാർ എഴുതുന്ന ഫെയ്‌സ്‌ബുക്ക്‌ നിരൂപണ നിവേദ്യം പോലൊരു സംഗതി. അത്ര കഷ്ടപ്പെട്ടാണ് മുക്തം വായിച്ചു തീർത്തത്. തിക്താനുഭവമായിരുന്നു എന്ന് പറയേണ്ടല്ലോ. കോവിഡ് വൈറസ് രണ്ടു ദിവസം കൊണ്ട് ശരീരം വിട്ടു പോയി.

വാങ്കിന്റെ അവാർഡ് കാര്യം കൂടുതൽ പറയുന്നില്ല. ഉണ്ണി ആർ നല്ല ആശയങ്ങൾ എഴുതി നശിപ്പിയ്ക്കുന്ന ഒരു ലേസി എഴുത്തുകാരനാണ്. പഴയ കുറിപ്പിൽ നിന്ന് – “ഉണ്ണി ആറിന്റെ “വാങ്ക്” അയാളുടെ മികച്ച കഥയൊന്നുമല്ല. വാങ്ക് കൊടുക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന ഒരു പെൺകുട്ടി ഒരു അപരിചിതനൊപ്പം ഒരു കുറ്റിക്കാട്ടിൽ കയറി തന്റെ ആഗ്രഹം സാധിയ്ക്കുന്നു. അപരിചിതൻ പോകേണ്ട ആവശ്യമെന്ത് എന്നതാണ് ആദ്യ ചോദ്യം. അവളുടെ ആഗ്രഹപൂർത്തിയ്ക്ക് ഒപ്പം പഠിയ്ക്കുന്ന കുട്ടികളോ ബന്ധുക്കളോ ഒന്നുമല്ല കൂടെ പോകുന്നത് – ഏതോ ഒരുത്തനാണ്. അങ്ങനെ പോയാലേ ആ അവസാന രംഗത്തിലെ സദാചാര വിഷയം അവതരിപ്പിയ്ക്കാൻ കഴിയൂ. അതാണ് കഥാകാരന്റെ സൂത്രം. ഇതേ സൂത്രമാണ് വേറൊരു രീതിയിൽ ലീലയിലും ഒഴിവുദിവസത്തെ കളിയിലും ഒക്കെ വരുന്നത്. ആ രംഗം പ്ലാൻ ചെയ്തതിനുശേഷം ബാക്കിയുള്ള ഭാഗം എഴുതിയുണ്ടാക്കുക – അതാണിവിടെയുള്ള ടെക്നിക്ക്. ആ വാങ്ക് വിളിയ്‌ക്കൊരു പ്രാധാന്യവുമില്ല അങ്ങനെ ആലോചിയ്ക്കുമ്പോൾ. പഴം പറിയ്ക്കാൻ പോയാലും കഥയുടെ അവസാനം ഈ പറഞ്ഞത് തന്നെ നടക്കും.”. ഓരോ കോക്കസുകളുടെ ഭാഗമായിരിയ്ക്കുക എന്നതാണ് ഇവിടെ ജയിയ്ക്കാനുള്ള രീതി.

ബാക്കിയുള്ളവയെപ്പറ്റി കൂടി പറഞ്ഞുകൊണ്ട് ദീർഘിപ്പിയ്ക്കുന്നില്ല (ഈ കൂദാശ മതി). സാധാരണ വായനക്കാരന്റെ ബുദ്ധിയെ വെല്ലുവിളിയ്ക്കാത്ത ഒരു പുസ്തക അവാർഡും കേരളത്തിലില്ല എന്നതാണ് സത്യം. ജനങ്ങളുടെ കാശെടുത്തു കൊടുക്കുന്ന അവാർഡുകളും അത് തന്നെ സ്ഥിതി. സുഭാഷ് ചന്ദ്രന്റെ പേരിൽ ഒരു സ്‌കൂളിൽ അവാർഡ് കൊടുത്തതിനെപ്പറ്റി അയാൾ തന്നെ പോസ്റ്റിടുന്ന നാടാണല്ലോ. അപ്പോൾ പിന്നെ നമുക്കൊക്കെ ഇതിലെന്തു കാര്യം?

 

4 thoughts on “ആൻഡ് ദ അവാർഡ് ഗോസ് റ്റു”

  1. സദാചാര കഥകളും, പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒകെ ഗുണം ചെയുന്നതു യൂണിവേഴ്സിറ്റിയിൽ പേപ്പർ റിസർച്ച് ചെയ്യാനും മറ്റും വിഷയങ്ങൾ തപ്പുന്ന ആളുകൾക്ക് ആവും. അവരുടെ woke points സ്കോർ ചെയ്യാൻ പറ്റുകയും ചെയ്യും.

    മലയാളത്തിലെ കൃതികളെ കുറിച്ചു നല്ലൊരു sound & interesting argument കേട്ടിട്ട് കുറച്ചായി.

    വിജയനെ പറ്റിയുള്ള ക്ലബ്‌ ചർച്ചയിൽ, അദ്ദേഹതെ പറ്റി പഠനം നടത്തിയ നിരൂപകൻ പോലും ശ്രദ്ധിക്കാത്ത രീതിയിൽ വിജയൻ ആദ്യ എഡിഷൻ വരുത്തിയ മാറ്റങ്ങൾ പിൽകാലത് വരുത്തിയ മാറ്റങ്ങളെ പറ്റി രണ്ടു മൂന്ന് വായനക്കാർ പറയുന്നു, ഇങ്ങനെ മാറ്റങ്ങൾ വരുത്തിയതിനെ പറ്റി പഠനങ്ങൾ ഉണ്ടോ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു. ഡിക്കൻസിനെ പറ്റിയുള്ള പുസ്തങ്ങളുടെ അവതാരിക എഴുതുന്നത് അദ്ദേഹതെ പറ്റി മാത്രം പഠിച്ച ആളുകൾ ആണ്, അവർ ഡിക്കൻസ് വീക്കിലി വന്നപ്പോ ഉള്ള നോവലും പിന്നെ പുസ്തകം ആകിയപ്പോൾ വരുത്തിയ മാറ്റങ്ങൾ എടുത്തു പറയാറുണ്ട്. ഇവടെ വായനക്കാർ പറയുമ്പോൾ ആണ് നിരൂപകൻ ശ്രദ്ധിക്കുന്നത്.

    1. സജീവ് എന്നോ മറ്റോ പേരുള്ള ഒരു വിദഗ്ധനോട് ഒരു കേൾവിക്കാരൻ നാരായണഗുരു എന്തിനാണ് കുട്ടനാട്ടിൽ സംഘടന സ്ഥാപിയ്ക്കാൻ വന്നത്, വേറെ എവിടെ വേണമെങ്കിലും പോകാമായിരുന്നല്ലോ എന്ന് ചോദിച്ചപ്പോൾ, വിഷയവിദഗ്ദൻ ബബ്ബബ്ബ അടിച്ചു, നിങ്ങളുടെ അഴകൊഴമ്പൻ മറുപടി അല്ല വേണ്ടത്, കൃത്യമായ ഒന്നാണ് എന്ന് ചോദ്യക്കാരൻ. അറിയില്ലെന്ന് സജീവ് സമ്മതിച്ചു. സാമ്പത്തികമാണ് സംഗതി എന്നൂഹിയ്ക്കാനും കൂടി കഴിയാത്ത ഡോക്ടറേറ്റുകാർ, ബേസിക് ലോജിക് ഇല്ല അതാണ് കാര്യം. ഇങ്ങനെ കുറെ ഉണ്ട്. ഡെയിലി ഇരുന്നു ചിരിയ്ക്കാൻ വകയുണ്ടായിരുന്നു. വേറെ ഒരു നോവലെഴുത്തുകാരി ഉണ്ണിയച്ചി ചരിതവും, നരേന്ദ്രപ്രസാദ് 1984-ൽ എഴുതിയ ഏതോ റാൻഡം പുസ്തകത്തിന്റെ കാര്യം പറഞ്ഞു അയാളെ ഭയങ്കര വിമർശനവും ഒക്കെയായിരുന്നു. അതൊക്കെ അവർ പഠിപ്പിയ്ക്കുന്ന ടോപിക്സ് ആണ് എന്നൊരാൾ എന്നോട് ചാറ്റിൽ പറഞ്ഞു. ഇവരൊക്കെ പഠിപ്പിയ്ക്കുന്ന കുട്ടികളുടെ സുകൃതം.

  2. എഴുത്തുകാരൻ്റെ ഖ്യാതി വർധിക്കാൻ ഇടയാക്കുന്നവയാണ് അവാർഡുകൾ എന്നാണല്ലോ നമ്മൾ കരുതാറുള്ളത്. ഇവിടെ കൊള്ളാവുന്ന ഏതെങ്കിലും പുസ്തകത്തിനു എന്നെങ്കിലും അവാർഡ് ലഭിക്കുമ്പോൾ മാത്രമാണ് അവാർഡുകൾക്ക് ഖ്യാതി ഉണ്ടാകുന്നത്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top