(Note : എഫ്ബിയിൽ 2015-ൽ പോസ്റ്റ് ചെയ്ത കഥയാണ്. ഇവിടെ വായനക്കാരിലൊരാൾ ഇതിനെപ്പറ്റി അന്വേഷിച്ചിരുന്നു, അതിനാൽ ഒരു റീപോസ്റ്റ് )
ആദ്യമായിട്ടല്ല നാദിയ നടന്നു വരുന്ന വഴിക്കുള്ള ഓട്ടോസ്റ്റാൻഡിൽനിന്നുള്ള മുറുമുറുപ്പുകൾ. അടക്കിയ ചിരി. ചില നേരം അന്വേഷണങ്ങൾ. ഇന്നാണെങ്കിൽ വീട്ടില് തനിച്ചും. മറ്റേ പൊട്ടത്തി, സുമയ്ക്കു വീട്ടില് പോവാൻ കണ്ട ദിവസം – ഒന്നാമത് എന്തോ പേടി (മിക്കവാറും ഇന്നലെ രാത്രി ഇരുന്നു ഹൊറർ മൂവി കണ്ടതിന്റെ), പിന്നെ ന്യൂസിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിന്റെ വാർത്ത കണ്ടിരുന്നു – വെള്ളവും കാണില്ല. റോഡ് ക്രോസ് ചെയ്ത് ഇടവഴിയിലേക്ക് കയറിയില്ല – അതിനുമുന്പേ നോട്ടം വിളക്കിൻകാലിന്റെ താഴേക്ക് പാളി. ആ വെളുത്ത പട്ടി അവിടെയുണ്ട്. ജീവനില്ലാത്ത അതിന്റെ കണ്ണുകൊണ്ട് അത് നോക്കാൻ തുടങ്ങിയിട്ട് മൂന്നു നാല് ദിവസമായി. ഒരു പക്ഷെ കോർണറിലെ ബേക്കറിയിൽ ചായ കുടിക്കുമ്പോൾ വല്ല ബിസ്കറ്റൊ മറ്റൊ കൊടുത്തതിന്റെ സ്നേഹമാകാനും മതി. നാദിയ റോഡ് ക്രോസ്സ് ചെയ്യുന്നവരെ അത് കണ്ണെടുത്തില്ല. അവൾ അതിനെ കടന്നു പോവുകയും ചെയ്തു. എന്നാൽ അതു പിറകെ വരുന്ന പോലെ തോന്നി. ഒന്ന് തിരിഞ്ഞു നോക്കി. ഹെയ്, നോ ചാൻസ്. നാദിയ മുന്നോട്ടു നടന്നു. അല്ല. എന്തോ ഒന്നുണ്ട് പിറകെ. പതിഞ്ഞ ശബ്ദത്തിൽ എന്തോ ഒന്ന്. ആദ്യ വളവു തിരിഞ്ഞ് ഒന്നുകൂടി നോക്കി. ശബ്ദമുണ്ട്, കരിയിലകളിൽ. അതടുത്തു വന്നു. അത് ആ പട്ടിതന്നെയായിരുന്നു. ഓ നാശം. ഇനിയിത് വീട്ടിൽ വന്നു കൂടുമോ. അവൾ വേഗത്തിൽ നടക്കാൻ തുടങ്ങി. തിരിഞ്ഞു നോക്കുമ്പോൾ അതവിടെത്തന്നെ അനങ്ങാതെ നിൽക്കുന്നു. നല്ലത്. പക്ഷെ നാദിയ വേഗത്തിൽത്തന്നെ നടന്നു. എന്നാൽ രണ്ടാം തിരിവ് കഴിഞ്ഞു കുറച്ചു മുന്നോട്ടു നടന്നപ്പോൾ മനസിലായി, പട്ടി ഫോളോ ചെയ്യുക തന്നെയാണ്. ഒരു കല്ലെടുത്ത് എറിഞ്ഞാൽ പോകുമോ? വഴിയരികിൽ നിന്ന് കുനിഞ്ഞൊരെണ്ണം തപ്പിയെടുത്തു. നടുവിന്റെ പ്രശ്നം കാരണം പെട്ടെന്ന് കുനിയാനോന്നും പാടില്ലാത്തതാണ്. പക്ഷെ അതിനെ ഓടിച്ചെ പറ്റൂ. തിരിഞ്ഞു നോക്കുമ്പോൾ മങ്ങിത്തുടങ്ങിയ വെളിച്ചത്തിൽ പട്ടി, വളവിൽത്തന്നെ കുത്തിയിരിപ്പാണ്. ഒരേറു വച്ചു കൊടുത്തു. എറിഞ്ഞ കല്ല് എവിടേക്കാണ് പോയതെന്ന് കണ്ടില്ല. അതവിടെത്തന്നെ ഇരിക്കുന്നു. ഒരനക്കവുമില്ലാതെ. നാദിയ തിരിഞ്ഞു നടന്നു. എന്തോ ഭയങ്കര പേടി. ഓടരുത്, അവൾ സ്വയം പറഞ്ഞു. എന്നിട്ടും നടത്തം ഓട്ടമായി. അതിനെ ഒഴിവാക്കിയേ പറ്റൂ. അണച്ചുകൊണ്ട് ഗേറ്റ് എത്തി. തിടുക്കത്തിൽ അത് വലിച്ചടച്ചു. വഴിയിലേക്കൊന്നു പാളി നോക്കി, വഴിയുടെ അറ്റത്തു പട്ടിയുണ്ട്. നാശം. ഓടിച്ചെന്നു വാതിൽ തുറക്കാൻ നോക്കി. പക്ഷെ അതിനു കുറച്ചധികം നേരം എടുത്തു – വെപ്രാളം. മുൻവശത്തെ ലൈറ്റ് കത്തുന്നുമില്ല. ഗേറ്റിൽനിന്ന് എന്തോ ശബ്ദം. അവിടെ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടമുണ്ട്. ഗേറ്റിനപ്പുറത്തെ ഇരുട്ടിൽനിന്ന് പതുക്കെ അതിന്റെ വെളുപ്പ്. നാദിയയുടെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി. ഓ നാശം. അവൾ വാതിൽ തുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പണ്ടും അത് തള്ളിത്തന്നെ തുറക്കണമായിരുന്നു. ഇന്നെന്തോ എല്ലാം കൂടി ഒരുമിച്ച്. അപ്പോൾ പട്ടി ഓലിയിടാൻ തുടങ്ങി. അവൾ ഞെട്ടി അതിനെ നോക്കി. അത് ഗേറ്റിന്റെ മുന്നിൽ നിന്ന് ആകാശത്തേക്ക് നോക്കി ഓലിയിടുന്നു – നിർത്താതെ. അതിന്റെ കരച്ചിൽ ഒരു പട്ടിയുടേതല്ല എന്നവൾക്ക് തോന്നി. ഒരു മനുഷ്യന്റെ കരച്ചിൽ പോലെ. അവളുടെ ഹൃദയം പെരുമ്പറ മുഴക്കി. വാതിൽ എങ്ങനെയോ തുറന്നു. ഉള്ളിൽക്കയറി അത് ചേർത്തടച്ചു. ഛെ, എന്തൊരു പേടിയാണിത് – എന്തിന് ? അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. അൽപ്പസമയത്തിൽ പട്ടിയുടെ കരച്ചിലും നിന്നു. കർട്ടൻ വകഞ്ഞു മാറ്റി ഗേറ്റിലേക്ക് നോക്കിയപ്പോൾ, അതവിടെത്തന്നെ ഉണ്ട്. പക്ഷെ ഇപ്പോൾ താൻ വീട്ടിലാണ്. നാദിയ ലൈറ്റിട്ടു. വീട്ടിലെ നിശബ്ദത കടുപ്പമായിത്തോന്നി – എന്നാലും ആശ്വാസം തന്നെ.
ബാഗ് സോഫയിൽ വച്ച്, ഹാളിനു കുറുകെ ചെന്ന് മേശമേൽനിന്ന് ജഗ്ഗിലെ വെള്ളം കുടിച്ചു. അപ്പോൾ വൈദ്യുതി പോയി. ഒരു ഷോക്ക് പോലെ തോന്നി അത്. ഇരുട്ടുമായി പൊരുത്തമാവാൻ സമയമെടുത്തു. അവൾ തിരികെ നടന്നു. സോഫയിലെ ബാഗിൽ ഫോണുണ്ട്. വെളിച്ചം കിട്ടാൻ അത് മതി. മെഴുകുതിരി അടുക്കളയിൽ ഉണ്ട്. സാധാരണ വൈദ്യുതി അങ്ങനെ പോകാറില്ലെങ്കിലും അവൾ തിരികൾ കരുതിവെക്കാറുണ്ട്. പോകുന്ന പോക്കിൽ റ്റീപോയിൽ കാൽ തട്ടി. എന്തൊരു ദിവസം! അവൾക്കു സാധാരണ കണ്ണുമടച്ചു നടക്കാൻ കഴിയുന്നതാണ്. അതോ റ്റീപ്പൊയി നീങ്ങി വന്നോ. ഛേ, എന്തൊക്കെ ചിന്തകളാണ്? എന്നാലും അങ്ങോട്ട് പോകുമ്പോൾ വഴിയിലല്ല അത് കിടന്നിരുന്നത്. എന്താണിന്നു നടക്കുന്നത്? അവൾ മൊബൈൽ എടുത്തു , കാൽ സോഫയിൽ കയറ്റി വച്ച് മൊബൈലിന്റെ ലൈറ്റിൽ വിരൽ നോക്കി. നഖം പൊളിഞ്ഞിരിക്കുന്നു. നാശം. അത് കട്ട് ചെയ്തു കളയണം. കട്ടർ എവിടെയാണോ ആവോ. പോകുന്ന വഴിക്ക് റ്റീപ്പോയിയുടെ നേരെ വെളിച്ചം കാണിച്ചു നോക്കി – അത് അതിന്റെ പഴയ സ്ഥാനത്തു തന്നെയാണുള്ളത് – അപ്പോൾ കുറ്റം തന്റെ തന്നെയാണ്. അവൾ ബെഡ് റൂമിലേക്ക് കയറി. ഡ്രെസ്സിംഗ് ടേബിളിൽ നിന്ന് കിട്ടി, കട്ടർ. അതിൽ കാൽ കയറ്റി വെച്ച് നഖം വെട്ടാൻ വേണ്ടിത്തുടങ്ങുമ്പോൾ പെട്ടെന്ന് അതേ കരച്ചിൽ. അവൾ ഞെട്ടി. പിന്നെ ചെവിയോർത്തു. ഒരാൾ കരയുന്ന പോലെ. ദയനീയം, പക്ഷെ പേടിപ്പെടുത്തുന്ന എന്തോ ഒന്നുണ്ടതിൽ. എവിടെ നിന്നാണതു കേൾക്കുന്നത്? റബ്ബേ, ആ പട്ടി ഉള്ളിൽക്കയറിയോ? തിരക്കിട്ട് മുൻവശത്തെ ജനാലക്കലേക്കു ചെന്നു കർറ്റൻ മാറ്റി നോക്കുമ്പോൾ ഒന്നും കാണുന്നില്ല. കുത്തുന്ന ഇരുട്ട്. കണ്ണ് പരിചയിച്ചു വരുമ്പോൾ – പിന്നെയും. ഇപ്പോൾ കോമ്പൗണ്ടിന്റെ ഉള്ളിൽ നിന്ന് തന്നെ. നാദിയ ഒരടി പിറകോട്ടു മാറി. ആ ശബ്ദം കൂടിക്കൂടി വരുന്നു. എവിടെയാണത്? എന്നാൽ നേരത്തത്തെ പോലെയായിരുന്നില്ല. അതിന്റെ ഓലിയിടൽ അവസാനിച്ചില്ല, അതങ്ങനെ തുടർന്ന് കൊണ്ടിരുന്നു. വൈദ്യുതി ഇത് വരെ വന്നില്ല. നാദിയ വിയർക്കാൻ തുടങ്ങി. എന്തൊരു കഷ്ടം. അതിനെ ഓടിച്ചു വിട്ടാലോ. പക്ഷെ എങ്ങനെ. പുറത്തിറങ്ങിയാൽ അത് ആക്രമിക്കുകയോ മറ്റൊ ചെയ്‌താൽ? ഇപ്പോൾ ഓലി നിന്നു. നിശബ്ദത. പിന്നെ ഒരു ഞരക്കം, അത് കാർ പോർച്ചിന്റെ സൈഡിൽ നിന്നാണ്. പട്ടി തന്നെ. അതിനെന്തെങ്കിലും പറ്റിയതായിരിക്കുമോ? ഒരു പക്ഷെ അത് പ്രെഗ്നന്റ് ആയിരിക്കുമോ? യെസ്, ദാറ്റ് എക്സ്പ്ലൈൻസ് തിങ്ങ്സ്. നാദിയ ഒട്ടൊന്നു റിലാക്സായി. അത് പ്രസവിക്കാൻ ഒരിടം തേടി വന്നതാണ്. പക്ഷെ പോർച്ചിൽ ആയാൽ എങ്ങനെ? നാളെ ടുവീലറൊക്കെ എടുക്കേണ്ടി വന്നാൽ? ഓടിച്ചുവിടാം എന്ന് വച്ചാൽ പട്ടി വയലന്റാവും. എന്നാലും ഒന്ന് നോക്കാം. വേണോ വേണ്ടേ എന്നുള്ള ചിന്ത അവളെ കുഴക്കി. ഇരുട്ടാണ്. പെട്ടെന്ന് അത് ചാടി വന്നാൽ എന്ത് ചെയ്യും? കറന്റ് വന്നിട്ട് നോക്കുന്നതാണ് നല്ലത്. മൊബൈൽ ലൈറ്റ് പോര. എന്നിട്ടും നാദിയ പതുക്കെ, ശബ്ദമില്ലാതെ വാതിൽ തുറന്നു. കാർ പോർച്ചിന്റെ ഭാഗം വാതിൽപ്പടിയിൽ നിന്ന് നോക്കിയാലേ കാണാം. മങ്ങിയ വെളിച്ചത്തിൽ ആ ഭാഗത്ത് ഒന്നും കാണുന്നില്ല. അവൾ രണ്ടടി പുറത്തേക്ക് വച്ചു. പിന്നെ നിന്ന് ഒന്നു ശ്രദ്ധിച്ചു – ചുറ്റും നോക്കി. ഒരനക്കവും ഇല്ല. പോർച്ചിന്റെ ഭാഗത്തും നല്ല ഇരുട്ടാണ്. പക്ഷെ ഇരുട്ടിൽ എന്തോ അനങ്ങുന്നുണ്ട്. അവൾ സൂക്ഷിച്ചു നോക്കി . പട്ടിയുണ്ട്. എന്നാൽ ഒന്നല്ല. രണ്ടു മൂന്നെണ്ണം. റബ്ബേ, ഇതെല്ലാം എവിടെ നിന്ന് വന്നു, എപ്പോൾ? ഭയം കൊണ്ട് ഹൃദയം ആഞ്ഞടിച്ചു കൊണ്ടിരുന്നു. അവൾ രണ്ടടി പിറകോട്ടു വച്ചു. അന്നേരം ഓലിയിടൽ പിന്നെയും തുടങ്ങി.ഇത്തവണ കോറസ്സായി. അറിയാതെ ഒരു നിലവിളി അവളിൽ നിന്നുയർന്നു. നാദിയ തിടുക്കത്തിൽ തിരിഞ്ഞകത്ത് കയറി കതകു വലിച്ചടച്ചു. അവൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. പല തരം ചിന്തകൾ തലയിലോടി. പട്ടി പ്രസവിക്കാൻ വന്നതെങ്കിൽ ബാക്കിയുള്ളവ? അവയെവിടുന്നു വന്നു, എങ്ങിനെ? പുറത്ത് ഓലിയിടൽ തുടർന്നു. ലൈറ്റ് സ്വിച്ച് രണ്ടു മൂന്നു പ്രാവശ്യം അമർത്തി നോക്കി. രക്ഷയില്ല. അവൾ സോഫയിൽ ഇരുന്നു. പതുക്കെ ഓലിയിടൽ നിന്നു. മൊബൈൽ വീണ്ടുമെടുത്തു സുമയെ വിളിച്ചു. റിംഗ് ചെയ്യുന്നതല്ലാതെ ഫോണ്‍ ആരും എടുക്കുന്നില്ല. വീണ്ടും വിളിച്ചു. സെയിം റിസൾട്ട്.
അടുക്കളയിൽ നിന്ന് മെഴുതിരി എടുത്തു വരണം. നാദിയ മൊബൈൽ വെളിച്ചത്തിൽ അടുക്കളയിലേക്കു പോയി. കുറച്ചുസമയം തിരഞ്ഞ ശേഷമാണ് അവ കയ്യിൽ കിട്ടിയത്. അവൾ ഒന്ന് ചെവിയോർത്ത് നോക്കി – ഇല്ല ഇപ്പോൾ അനക്കമൊന്നുമില്ല. താൻ വെറുതെ പേടിക്കുകയാണോ? കാർ പോർച്ചിൽ പട്ടികളുണ്ട്. അവ ഒരു പക്ഷെ രാത്രി കഴിഞ്ഞാൽ പോകുമായിരിക്കും. അവയെ ശല്യപ്പെടുത്താത്തോളം തനിക്കും കുഴപ്പമൊന്നുമില്ല. അവ ആ നശിച്ച ശബ്ദമുണ്ടാക്കാതിരുന്നാൽ മതിയായിരുന്നു. നാദിയ മെഴുകുതിരി കത്തിച്ചു. അപ്പോൾ രൂക്ഷമായ ഒരു ഗന്ധം അവൾക്കനുഭവപ്പെട്ടു. മെഴുതിരി മണത്തു നോക്കി. വലിയ തരം മെഴുതിരിയായിരുന്നു അത്, ഏതോ മേളയിൽ വാങ്ങിയത്, ഫ്ലേവർ ചേർത്തത്. പക്ഷെ അതിൽ നിന്നല്ല മണം. പിന്നെ, ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടോ? അവൾ കുനിഞ്ഞു നിന്ന് പരിശോധിച്ചു. നടുവിന്റെ കാര്യം അപ്പോഴാണ് ഓർത്തത്, എല്ലാം അത്രയും കുഴമറിഞ്ഞുപോയല്ലോ കഴിഞ്ഞ ഒന്നൊന്നര മണിക്കൂറിൽ. ഇല്ല. അത് ഗ്യാസ് അല്ല. ജനാലക്കപ്പുറത്ത് നിന്നാണു മണം. അതി രൂക്ഷം. ജനാല തുറന്നാലോ? അവൾ ഒരു നിമിഷം സംശയിച്ചു നിന്നു. ഒന്ന് ചെവിയോർക്കുകയും ചെയ്തു. ഇല്ല ശബ്ദമൊന്നുമില്ല. അവൾ ഒരു പാളി മെല്ലെ തുറന്നു. സഹിക്കാൻ വയ്യാത്ത ഗന്ധം. എന്താണിത്? എന്തോ ചത്തഴുകിയ പോലെ. രാവിലെ ഉണ്ടായിരുന്നില്ലല്ലോ. എവിടെയാണെന്ന് പറയാൻ കഴിയുന്നില്ല. രണ്ടു വീടുകളുടെയും പിൻവശമാണവിടം. സ്വാഭാവികമായും ഫുഡ് വേസ്റ്റ് ഒക്കെ കളയുന്ന സ്ഥലം. അവിടെ ആരെങ്കിലും എന്തെങ്കിലും കൊണ്ടിട്ടോ? തല കറങ്ങുന്ന പോലെയുണ്ട്. ഇടതു ഭാഗത്ത് മറ്റൊരു ജനാലയുണ്ട്. അതിനപ്പുറം റ്റെരസ്സിലെക്കുള്ള കോണിയും. അവൾ ഒരു പ്രാവശ്യം നോക്കി. പിന്നെ ഒന്ന് കൂടി നോക്കി, അവിടെ എന്തോ അനങ്ങുന്നുണ്ടോ? വ്യക്തമല്ല. അവൾ രണ്ടടി മുന്നോട്ടു വച്ച് പുറത്തെയിരുളിലേക്ക്, ചില്ലിലൂടെ, തറപ്പിച്ചു നോക്കി. ഉവ്വ്. എന്തോ. ഒരു പക്ഷെ, ഒരാൾ. അവൾക്കതിന്റെ ആകൃതി മനസ്സിലാക്കാൻ കഴിഞ്ഞില്ല. ശരീരം ഭാരമില്ലാതെയായി. ഗന്ധം. ഇരുട്ട്, ഭയം. അതിനു മീതെ അതുവരെയുണ്ടായ സംഭവങ്ങൾ. നാദിയ ചില്ലിനോട് മുഖം ചേർത്തെന്ന പോലെ നോക്കി. ഒരു പക്ഷെ പുറത്തുള്ള അതും, അതെന്തായാലും, അങ്ങനെത്തന്നെ അവളെയും നോക്കുകയായിരിക്കണം. അവൾ ഉള്ളാലെ ഞെട്ടിക്കൊണ്ടിരുന്നു. എന്നാൽ പുറമെ, വിയർപ്പിൽ കുതിർന്നു കഴിഞ്ഞ ശരീരം വിചിത്രമായ ഒരു ശാന്തത ആർജ്ജിച്ചുകൊണ്ടിരുന്നു. അന്നേരം പുറത്തെ രൂപം ഒന്നനങ്ങി. പിന്നെ അതിവേഗം അത് അവിടെനിന്നും മാറിപ്പോയി – പെട്ടെന്ന് മാഞ്ഞു പോയ പോലെ. നാദിയ ഒന്ന് ഞെട്ടി പിറകോട്ടു മാറി. ഹഹ് എന്നൊരു ശബ്ദം അവളിൽ നിന്ന് പുറത്തു വന്നു. തുറന്ന ജനാലപ്പൊളിക്കുനേരെ നോക്കുമ്പോൾ ഒന്നും കാണുന്നില്ല. നിശബ്ദത മാത്രം. എല്ലാം തോന്നലായിരിക്കുമോ. കുറച്ചു നിമിഷങ്ങൾ അങ്ങനെ പോയി. അവൾ അനക്കമറ്റു നിൽക്കുകയാണ്. മെഴുതിരി കത്തിക്കൊണ്ടിരിക്കുന്നു, വലത്തെ കയ്യിൽ. നോട്ടം തുറന്ന ജനലിൽ തന്നെ. അപ്പോൾ അതിവേഗത്തിൽ ജനലിനു കുറുകെ എന്തോ പാഞ്ഞു പോയി. ഒരാൾ, അല്ലെങ്കിൽ തുണിയിൽ പൊതിഞ്ഞ എന്തോ ഒന്ന്. ജനാലയുടെ പാളി ഒന്നാടി. അവൾ ഭയത്തോടെ പിറകോട്ടു മാറി, കൈ തട്ടി സ്റ്റവിന്റെ അടുത്തു വെച്ച പാത്രങ്ങളിലൊന്നു താഴെ വീണു. കള്ളനായിരിക്കണം. വൈദ്യുതി ഇല്ലാത്ത സമയം നോക്കി വന്നതായിരിക്കും. അവൾ ഭയത്തിനു പിടി കൊടുക്കാതിരിക്കാൻ ശ്രമിച്ചു. അപ്പോഴാണ് അത് ശ്രദ്ധിച്ചത് – ആ മണം, അത് കുറഞ്ഞിരിക്കുന്നു. പുറത്തു നിന്ന അത്, അതെന്തായാലും അതിന്റെ മണമായിരുന്നു അത്. ഒരാൾ തന്നെയായിരിക്കണം. ചില കള്ളന്മാർ ഇത്തരത്തിലൊക്കെ, മേലിത്തരം സാധനങ്ങളൊക്കെ പുരട്ടി വരും എന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. അത് മനുഷ്യനായിരിക്കണം എന്നവൾ ഉറപ്പിക്കാൻ ശ്രമിച്ചു. അതെ അതെ എന്ന് സ്വയം പറഞ്ഞു കൊണ്ടിരുന്നു.
അപ്പോൾ ജനാലയുടെ തുറന്ന പാളി ഉച്ചത്തിൽ അടഞ്ഞു. അതിലെ ചില്ലുകൾ സിങ്കിലെക്കും തറയിലേക്കും ചിതറിത്തെറിച്ചു – അവളുടെ കയ്യിൽ നിന്ന് മെഴുകുതിരി താഴെ വീണു കെട്ടുപോയി. അത് നോക്കിയെടുക്കാൻ പറ്റിയില്ല, കാരണം, അതേ നേരം തന്നെ ജനാലക്കപ്പുറം നേരത്തെക്കണ്ട രൂപം ഓടിപ്പോയി. ഇത്തവണ കോണിയുടെ ഭാഗത്തേക്കാണ് അതുപോയത്. അതിതീക്ഷ്ണമായ ആ മണം അവളുടെ മുഖത്തേക്കടിച്ചു. ആ രൂപത്തിന്റെ അനക്കം കോണിപ്പടിയുടെ ചുവടുവരെ കാണുകയും ചെയ്തു.
നാദിയ അവിടെത്തന്നെ നിന്നു. ആ മണം പോയിട്ടില്ല, മൂക്ക് അതുമായി സമരസപ്പെട്ടു കഴിഞ്ഞു. എന്നാലിത്തവണ അവൾക്കു എവിടന്നോ അൽപ്പധൈര്യം വീണു കിട്ടി. തിരഞ്ഞു തിരഞ്ഞ് ഒരു മൂലയിൽ ചാരി വച്ചിരുന്ന ഒരു ഇരുമ്പ് പൈപ്പിന്റെ കഷണം കണ്ടു പിടിച്ചു. എന്ത് വന്നാലും നേരിട്ടേ പറ്റൂ. വൈദ്യുതി വന്നിരുന്നെങ്കിൽ! അവൾ അടുത്തു ചെന്ന് പൊട്ടിയ ജനാലയിലൂടെ പുറത്തേക്ക് നോക്കി. മണം ഇപ്പോഴുമുണ്ട്. അധികമൊന്നും കാണാൻ വയ്യ. ആ രൂപം, പക്ഷെ കണ്ണിൽ പെട്ടില്ല. അവൾ ചാഞ്ഞും ചെരിഞ്ഞും നോക്കി, പോകെപ്പോകെ അവളുടെ പേടി അൽപ്പമൊന്നു കുറഞ്ഞു. അടുക്കളവാതിൽ തുറന്നു നോക്കിയാലോ? അതപകടമായേക്കും, അതോടി വന്നാലോ, ഇറ്റ്സ് നോട് സേഫ്. പിന്നെ? അൽപ്പമൊന്നു തുറന്നു നോക്കാം. കണ്ടാൽ അറിയാമല്ലോ – ചുരുങ്ങിയ പക്ഷം അതൊരു മനുഷ്യ ജീവിയാണെന് ഉറപ്പുവന്നാൽ അത്രയും മതി. മനുഷ്യനല്ലാതെ എന്താവാൻ? എന്നാലും ചിന്ത പാളുന്നതു അവളറിയുന്നുണ്ട്. ഇല്ല, അത് സാധ്യമല്ല. ആ മണ്ടിപ്പെണ്ണ് ഇന്നിവിടെ ഉണ്ടായിരുന്നെങ്കിൽ. നാദിയ പതുക്കെ അടുക്കള വാതിലിലേക്ക് നീങ്ങി. തെല്ലു നേരം വാതിലിൽ ചെവി വച്ച് ശ്രദ്ധിച്ചു. ഇല്ല. നിശബ്ദത മാത്രം. പട്ടികളുടെ കാര്യം അപ്പോഴാണ് ഓർത്തത്. അവ പക്ഷെ വീടിന്റെ മറുപുറത്താണ്. അഥവാ അവയെ കണ്ടാൽത്തന്നെ കയ്യിൽ വടിയുണ്ട്, അല്ലെങ്കിൽ തിരികെ ഓടിക്കയറാം. ആദ്യം ഇതെന്താണ് എന്ന് കണ്ടുപിടിക്കണം, ഇല്ലെങ്കിൽ ഇന്നുറങ്ങാൻ കഴിയില്ല. രാത്രി തുടങ്ങിയിട്ടേ ഉള്ളൂ, ഇനിയും മണിക്കൂറുകൾ കിടക്കുന്നു. തൽക്കാലം താനൊറ്റക്കാണ്. എന്ത് വന്നാലും ഒറ്റക്ക്. ഇല്ല ഞാൻ പേടിക്കില്ല. അവൾ പതുക്കെ, ശബ്ദമില്ലാതെ വാതിൽ തുറന്നു. ഇരുട്ട്. കണ്ണിൽ കുത്തുന്ന പോലെ. ആ വൃത്തികെട്ട മണവും. പതുക്കെ ഇരുട്ട് പരിചയമായി. വേസ്റ്റ് ഇടുന്ന പാത്രം. വലതു വശത്ത് കൂട്ടിയിട്ടിരിക്കുന്ന ചകിരി, അതൊക്കെ മങ്ങി കാണാം. പിന്നെ കോണിപ്പടികൾ. അതിനപ്പുറത്ത് തെങ്ങ്. അൽപ്പം ചെരിഞ്ഞു നീണ്ട ഒന്ന്. തെങ്ങിന്റെ ചുവട്ടിൽ, അതെന്താണ്. വെളുത്ത, എന്നാൽ നീണ്ട വസ്ത്രം ഇട്ടു ഒരാള് – അല്ലെങ്കിൽ രണ്ടു കാലിൽ നിൽക്കുന്ന എന്തോ ഒന്ന്. അവളുടെ ഹൃദയം ആഞ്ഞടിച്ചുകൊണ്ടിരുന്നു. അവളുടെ വലം കൈ പൈപ്പ് കഷണത്തിൽ അമർന്നു തന്നെ ഇരുന്നു. എന്താണത്? അതിൽ നിന്നാണോ ഈ മണം?
അപ്പോൾ വൈദ്യുതി വന്നു. അവൾ വിളക്കുകൾ തെളിച്ചിരുന്നില്ല.എന്നാൽ അപ്പുറത്തെ വീട്ടിലെ വെളിച്ചത്തിന്റെ ഒരു കീറ് അടുക്കള ഭാഗത്ത് വീണു. അപ്പോൾ അവൾ ആ രൂപത്തിനെ കുറച്ചു കൂടി വ്യക്തമായി കണ്ടു. അവളിൽ ശക്തമായ ഒരു വിറ പാഞ്ഞു. എന്തോ ഒന്ന് ചുറ്റിയിട്ടുണ്ട് അത്. അതിൽ കുറച്ചു ഭാഗം കാറ്റിൽ പാറുന്നു. അന്നേരം ഏതോ ഒരു മാന്ത്രിക ശക്തിയിലെന്ന പോലെ അവൾ പതുക്കെ മുറ്റത്തേക്കു ഇറങ്ങി. ഇല്ല. മുന്നോട്ട് പോവരുത്. അവൾ സ്വയം പറഞ്ഞു. പക്ഷെ അവൾക്കത് തടയാൻ കഴിഞ്ഞില്ല, കാലുകൾ സ്വമേധയാ മുന്നോട്ടു നീങ്ങി. പിന്നെ നിന്നു. അപ്പോൾ ആ രൂപമൊന്നനങ്ങി. അവൾ അനങ്ങാൻ കഴിയാതെ നിന്നു. അത് തെങ്ങിലേക്ക് കയറി. കുറച്ചു നേരം ചുവടറ്റത്തു തന്നെ നിന്നു. പിന്നെ അത് മേലോട്ട് കയറാൻ തുടങ്ങി. ആദ്യം പതുക്കെ. പിന്നെ അതി വേഗത്തിൽ. ഒരു തളപ്പുപോലുമില്ലാതെ. തെങ്ങ് കുലുങ്ങാൻ തുടങ്ങി. അവൾ അങ്ങനെ നോക്കിനിൽക്കുകയാണ്. അത് തെങ്ങിൻ തലപ്പിലെ ഇരുളിൽ അപ്രത്യക്ഷമായി. എല്ലാം നിശബ്ദമായി. നാദിയ അവിടെത്തന്നെ നിൽപ്പാണ് – അവൾ ഓരോ കാര്യങ്ങളും കണക്റ്റ് ചെയ്യാൻ ശ്രമിക്കുകയാണ്. എന്താണ് നടക്കുന്നത്. എന്നാണ് ഒന്നും തന്റെ നിയന്ത്രണത്തിൽ അല്ലാത്തത്? നാലഞ്ചടി പിറകിൽ വാതിലുണ്ട്, എന്താണ് തനിക്കു ഓടിയൊളിക്കാൻ പറ്റാത്തത്? വീട്ടിലെ സുരക്ഷിതത്വം ഇത്രയേറെ അവൾ ആഗ്രഹിച്ച സമയം മുന്നേ ഉണ്ടായിട്ടേയില്ല. അവളുടെ വലത്തെ കയ്യിൽ ആ പൈപ്പ് ഇപ്പോഴും ഉണ്ട്. പിടിച്ച ഭാഗം വിയർപ്പിൽ കുളിച്ചിരുന്നു.
അപ്പോൾ തെങ്ങ് വീണ്ടും കുലുങ്ങാൻ തുടങ്ങി. അവൾ നോക്കി നിൽക്കെ മേലോട്ട് പോയ ആ രൂപം താഴേക്കു ഇറങ്ങുവാൻ തുടങ്ങി. അവൾ സൂക്ഷിച്ചു നോക്കി. മനസ്സിലാവാൻ കുറച്ചു സമയമെടുത്തു. അത് മേലോട്ട് പോയ പോലെയല്ല താഴേക്കു വരുന്നത്. തലകുത്തനെയാണ്. ഏതോ മൃഗത്തെപ്പോലെ, എന്നാൽ അതിവേഗത്തിൽ. അത് താഴേക്കു നീങ്ങിക്കൊണ്ടിരുന്നു. അവളിൽ നിന്ന് ഒരു നിലവിളി പൊങ്ങി, എന്നാൽ ശബ്ദം പുറത്തേക്ക് വന്നില്ല. നാദിയ രണ്ടടി പിറകോട്ടു വച്ചു. താഴെ എത്തിക്കഴിഞ്ഞ് അത് തല അവളുടെ നേരെ തിരിച്ചു. അതിനു മുഖമുണ്ടോ എന്ന് പോലും അവൾക്കു പറയാൻ കഴിഞ്ഞില്ല. ആ മണവും രൂക്ഷമായി. ഒരു നിമിഷത്തെ നിശ്ചലതക്ക് ശേഷം അത് കിണറിന്റെ മേലേ മൂടിയിട്ടതിലേക്ക് ചാടി – അങ്ങനെത്തന്നെ, കാലുകൾ മേൽപ്പോട്ടായി, കൈകൾ കുത്തി. അവൾ പിറകോട്ടു നീങ്ങി നീങ്ങി വാതിൽപ്പടിയിൽ തട്ടി. അതങ്ങനെ തന്നെ, അതെ പൊസിഷനിൽ നിൽപ്പാണ്. പതുക്കെ അത് രണ്ടടി മുന്നോട്ടു വച്ചു. അതിനുശേഷം, കിണറിനെ വലം വെക്കാൻ തുടങ്ങി, അടപ്പിന് മേലെത്തന്നെ. അവൾ കരഞ്ഞുകൊണ്ടിരുന്നു, തേങ്ങിത്തേങ്ങി. പിന്നയതിന്റെ കറക്കം നിന്നു. കിണറിനു പിന്നിൽ കൈതക്കാടാണ്. ആ രൂപം നിന്ന നിൽപ്പിൽ ആ കാട്ടിലേക്ക് മറിഞ്ഞു. പിന്നെ എല്ലാം നിശബ്ദം. മണവും കുറഞ്ഞു കുറഞ്ഞു വന്നു. അവൾ അതേ നിൽപ്പുനിൽക്കുകയാണ്. അൽപ്പനേരത്തിനു ശേഷം അവൾ വാതിൽ ചേർത്തടച്ചു, എന്നിട്ട് പ്രാഞ്ചി പ്രാഞ്ചി ബെഡ് റൂമിലേക്ക് പോയി. അസഹ്യമായ നടുവേദന, താൻ പിന്നാക്കം വീഴുകയോ മറ്റോ ചെയ്തോ എന്നവവൾക്ക് ഓർക്കാൻ കഴിഞ്ഞില്ല. എന്നാൽ ആ രൂപത്തെ കണ്ടു കഴിഞ്ഞതിന് ശേഷമാണ് വേദന വന്നത് എന്നവളോർത്തു, അതിൽ എന്നാൽ അവൾക്കു ഒരത്ഭുതവും തോന്നിയുമില്ല. പിന്നോട്ടോ മുന്നോട്ടോ ചിന്തിക്കാൻ ആവതില്ലായിരുന്നു. അത്രക്കും അവിശ്വനീയമായ, ലോജിക്കില്ലാത്ത കാര്യങ്ങളാണ് നടന്നത്. അവൾ ബെഡ് റൂമിലേക്ക് കടന്നില്ല, പകരം നേരെ മുൻവശത്തെ സോഫയിൽ പോയിരുന്നു. ഇഷ്ടമുള്ള സ്പോട്ടിൽ. മൊബൈൽ എവിടെയാണ് വച്ചത് എന്നോർമ്മ വരുന്നില്ല. അവൾ പതുക്കെ എണീറ്റ്, പല്ല് കടിച്ചു പിടിച്ചു ലൈറ്റിട്ടു. കണ്ണൊന്നു മഞ്ഞളിച്ചു, എന്നാലും, ചിരപരിചിതമായ ആ ഹാളിൽ എല്ലാം സാധാരണ പോലെ. മെഴുതിരി എടുത്തു വെക്കണം. ഇനിയും വൈദ്യുതി പോയാൽ ശരിയാവില്ല. അവൾ പതുക്കെ പിടിച്ചു പിടിച്ചു ഹാൾ ക്രോസ് ചെയ്തു കിച്ചണിലേക്കു പോയി. ലൈറ്റ് ഇട്ടപ്പോൾ ചറിയ ചില്ല് കഷണങ്ങൾ തറയിൽ തിളങ്ങി. മെഴുകുതിരി സിങ്കിനടുത്തു തന്നെ കിടപ്പുണ്ടായിരുന്നു. അവൾ പൊട്ടിയ ജനാലക്കു നേരെ നോക്കി. ഇപ്പോൾ ആ വൃത്തികെട്ട മണമില്ല. എല്ലാം ശാന്തം. അവൾ പതുക്കെ കുനിഞ്ഞ് അതെടുത്തു. തീപ്പെട്ടിയും. എന്നിട്ട് തിരിയെ നടന്നു. അപ്പോഴും ചിന്തകൾ പല വഴിക്കായിരുന്നു. ഹാൾ പകുതി ക്രോസ് ചെയ്തു കഴിഞ്ഞപ്പോൾ പിന്നെയും വൈദ്യുതി പോയി. അവൾ അത് കാര്യമാക്കിയില്ല. പതുക്കെ നടന്നു കൈ കൊണ്ട് തിരഞ്ഞു റ്റീപ്പൊയി കണ്ടു പിടിച്ചു. അതിനു ശേഷം മെഴുകുതിരി അതിനു മേലെവച്ച് കത്തിച്ചു. മങ്ങിയ വെട്ടം. എന്നാലും അത് മതി. അങ്ങനെ ഇരുന്നു.വിയർപ്പു നെറ്റിയിലൂടെ, കവിളിലൂടെ ഒഴുക്കാൻ തുടങ്ങി. ഡ്രസ്സ് നനയാൻ തുടങ്ങി, പുറവും നെഞ്ചുമൊക്കെ. നാദിയ അനങ്ങിയില്ല. ഉറക്കം വരുന്നെന്നു തോന്നി. കണ്ണുകൾ നീറുന്നു, അവ വരണ്ടപോലെ. അവളാ ഇരിപ്പ് തുടർന്നു.
ഉറങ്ങിയോ എന്ന് നിശ്ചയമില്ല. എന്തോ ഒരു പ്രകാശം മുൻവശത്തെ ചില്ലിൽ വീണു. ഒരു വണ്ടിയുടേത് പോലത്തെ വെട്ടം. എന്നാൽ അതുപോലെയല്ല താനും. ഒരു നീലിച്ച നിറം. അവൾക്കു കരച്ചിൽ വന്നു, ആരോ വന്നിട്ടുണ്ട്. സുമയാവണേ അല്ലാഹുവേ. അവൾ പതുക്കെ എണീറ്റ് നോക്കി. പൊർറ്റിക്കൊയിൽ വെട്ടമുണ്ട്, അതെന്തിൽ നിന്ന് വരുന്നു എന്ന് പറയാൻ കഴിയുന്നില്ല. അപ്പോൾ അതെ മണം. റബ്ബേ. അതെ, അതേ മണം തന്നെ. പൊടുന്നനെ പട്ടികൾ ഓലിയിടാൻ തുടങ്ങി. അവളുടെ ഹൃദയം താണുപോയി. എന്തൊരു പരീക്ഷണം പടച്ചവനെ, നാദിയ കരഞ്ഞു തുടങ്ങി. അവൾ ജനാലയിൽ മുഖമമർത്തി നോക്കി. പുറത്ത് നീലയും മഞ്ഞയും കലർന്ന് വെട്ടം. നിലാവ് പോലെ. മുറ്റത്ത് അവൾ ദിനം വെള്ളമൊഴിക്കുന്ന പൂവിട്ട ചെടികൾ. അവൾ കരഞ്ഞു. അപ്പോൾ ആരോ വിളിച്ചു.
കുഞ്ഞോളെ..
അവൾ ചെവിയോർത്തു
കുഞ്ഞോളെ..
വർഷങ്ങൾക്കു ശേഷം അതേ വിളി. വല്ലിപ്പ.
വരാന്തയിലേക്ക് ഒരു നിഴൽ വീണു. അതേത്തുടർന്ന് അയാൾ വന്നു. വെളുത്ത, ചുളിഞ്ഞ അതേ മുറുക്കാൻ കറയുള്ള ജുബ്ബ. ഞെരിയാണിക്കു കുറച്ചു മേലെ അവസാനിക്കുന്ന അതേ പഴകിയ വെള്ള മുണ്ട്. വെളുത്ത, വൃത്തിയില്ലാത്ത താടി. മീശയില്ല. വലതു വശത്ത് മൂക്കിനോട് ചേർന്ന് തുടങ്ങി കവിളാകെ പരന്ന മറുക്. അതിൽ രോമങ്ങൾ. എല്ലാം നാദിയ വ്യക്തമായിക്കണ്ടു. അല്ലെങ്കിലും അവൾക്കു കണ്ണടച്ചാൽ പോലും ഓർക്കാൻ കഴിയുന്ന വിശദാംശങ്ങൾ ആയിരുന്നവ.
അവളുടെ ഹൃദയം ശക്തമായി മിടിച്ചു.
ബാതിലൊറക്ക് (വാതിൽ തുറക്ക്). നിർദ്ദേശം വന്നു.
അവൾ യാന്ത്രികമായി ചലിക്കാൻ തുടങ്ങി. മെഴുതിരി ഒന്ന് കൂടി കത്തിച്ചു കയ്യിൽ പിടിച്ചു. അതിനു ശേഷം വാതിലിനു നേരെ നീങ്ങി. വേണ്ടെന്നാരോ ഉള്ളിലിരുന്നു പറഞ്ഞു. ആലോചിക്ക്, ആലോചിക്ക് എന്നാരോ വീണ്ടും പറഞ്ഞു. അവളുടെ നടുവേദന കൂടിയ പോലെ. കൈ ഡോർ ഹാൻഡിലിന് നേരെ നീണ്ടു. അപ്പോൾ വാതിലിനപ്പുറത്തു എന്തോ ഇളകി മറിയുന്നു. ഏതോ ജീവികൾ മൊസൈക് തറയിൽ നഖമുരസുന്നു. വാതിലിൽ തിക്ക് കൂട്ടുന്നു. അപ്പോൾ അവൾക്കു മിന്നായം പോലെ ഓരോർമ്മ വന്നു. വല്ലിപ്പ പണ്ട് തല കുത്തനെ നടന്ന് ഇടവഴിയിൽ വച്ച് എതിരാളിയെ പേടിപ്പിച്ച കഥ, അമ്മായി പറഞ്ഞത്. എന്നാലവൾക്കത് തുടർന്നോർക്കാൻ കഴിഞ്ഞില്ല.
ബെളക്ക് ഇട്ത്തോ (വിളക്ക് എടുത്തൊ)
വാതിലിന്നപ്പുറത്തു നിന്ന് അടുത്ത ആജ്ഞ വന്നു. പതിനാല് വർഷം മുന്നേ കേട്ടിരുന്ന അതെ ശബ്ദം. പത്തുവർഷമായി കേൾക്കാത്ത ഒന്ന്.
അവൾ വാതിൽ തുറന്നു. കുറെയധികം പട്ടികൾ അവിടെ കുതിമറയുന്നുണ്ടായിരുന്നു. അവറ്റ അവളുടെ കാലുകളിൽ നക്കാൻ തുടങ്ങി. മൃദുവായി കടിക്കാനും. അവളെ വർഷങ്ങൾ പരിചയമുള്ള പോലെ. അവൾ നോക്കിയില്ല. കുറെയെണ്ണമുണ്ടായിരുന്നു. അയാൾ സ്റ്റെപ്സിലേക്കിറങ്ങി. പുറത്തെ വെളിച്ചം മങ്ങിത്തുടങ്ങി.
ബക്വൊ (വാ/ വരൂ) – അയാളുടെ കനത്ത ശബ്ദം വീണ്ടും.
അവൾ മെഴുതിരി ഉയർത്തിപ്പിടിച്ചു. പിന്നെ പതുക്കെ ആ രൂപത്തിന്റെ പിറകെ നീങ്ങി. നായ്ക്കൾ അവളെ ഉരുമ്മിക്കൊണ്ട്, കുസൃതിയിൽ ഒപ്പം. ചരലിൽ അവളുടെ കാലു വേദനിച്ചു. എന്നാൽ അവൾ ആ വലിയ രൂപത്തെ പിന്തുടർന്നു. മുറ്റത്തിന്റെ അറ്റത്തോളം, പിന്നെ പറമ്പിന്റെ അതിരോളം. കൈതക്കാട്ടിലേക്ക്. ഒടുവിൽ അത് നിന്നു. അവളും. പട്ടികൾ പലേടത്തുമായി ഇരിപ്പായി. അത് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അതിന്റെ മുഖം അവൾക്കു ശരിക്ക് കാണാൻ കഴിയുന്നില്ല. ഒരു തരം മരവിപ്പാണ് തോന്നുന്നത്. ഭയവും കഴിഞ്ഞുള്ള ഒന്ന്. നടുവേദന മാത്രം അതുപോലെ തുടർന്നു. ഇത്ര രൂക്ഷമായ പുകയില മണം ഇത്ര അടുത്തു അവൾ അനുഭവിച്ചിട്ടു വർഷങ്ങളായിരുന്നു. എന്നാൽ എന്തോ ഒന്നുണ്ടായിരുന്നു. അത് മനസ്സിൽ തിരിഞ്ഞുമറിഞ്ഞുകൊണ്ടിരുന്നു. എന്തോ ഒന്ന്. ഒരു മിസ്സിംഗ് ഡീറ്റൈൽ.
കയിക്ക് (അഴിക്ക്)
അവൾ അനങ്ങാതെ നിന്നു.
കയിക്ക്. തീക്ഷ്ണ സ്വരം.
ചുറ്റും എല്ലാം ശാന്തം. മെഴുതിരി വെട്ടത്തിൽ അത് അടുത്തേക്ക് വരുന്നത് കണ്ടവൾ കണ്ണുകൾ ഇരുക്കെ അടച്ചു. ആ രൂക്ഷ ഗന്ധം അവളെ വലയം ചെയ്തു. അവൾ എടുത്തുയർത്തപ്പെടുകയും മണ്ണിലേക്കമർത്തപ്പെടുകയും ചെയ്തു. ആ രൂപം അവളിലേക്ക് പ്രവേശിക്കുമ്പോൾ വല്ലിപ്പയുടെ നീലിച്ച ശരീരം കൊണ്ടുവന്ന ദിവസം അവൾ ഓർത്തു. ഉമ്മ കരഞ്ഞിരുന്നു, അവളെ കെട്ടിപ്പിടിച്ച്, ഭ്രാന്തു പിടിച്ചപോലെ, ഇടയ്ക്കു ചിരിച്ചു കൊണ്ട്. കൈതമുള്ളൂകളിൽ അവളുടെ വിരലോടി.
ഉമ്മാ..
കൈതകൾ തിരയിളകി. വർഷങ്ങൾക്ക് ശേഷം. അവളുടെ തലയ്ക്കു പിറകിൽ അൽപദൂരത്തിൽ കത്തിയിരുന്ന മെഴുകുതിരിയും അണഞ്ഞു. പട്ടികളുടെ കണ്ണുകൾ ഇരുട്ടിലും തിളങ്ങി. വേദനയും തിന്നവൾ കിടന്നു, ബോധം മറയുന്ന വരെ.
പിറ്റേന്ന് അർദ്ധബോധത്തിൽ മേലാസകലം തെരുവുനായ്ക്കളുടെ കടിയേറ്റു നാദിയയുടെ ശരീരം ഇടവഴിയിലുണ്ടായിരുന്നു, രാവിലെ ആരോ കണ്ടെത്തുന്ന വരെ.
Thanks a ton for the upload 😊
(Y)
Felt the fears of Nadiya while reading. A chilling experience. Thank you for this short story. 😇👍
Thanks a lot, Krishnapriya!