2020-ലെ വായന, മലയാളം പുസ്‌തകങ്ങൾ – 2.

മലയാളം (4 സ്റ്റാർ ബുക്ക്സ്)

  1. ജെനറൽ കമ്പാർട്ട്മെന്റ് – Shereef Chungathara

എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഇന്ത്യൻ യാത്രാവിവരണം “പശ്ചിം ദിഗന്തേ പ്രദോഷ് കാലേ” എന്ന പുസ്തകമാണ്. വിക്രമൻ നായർ എഴുതി സുനിൽ ഞാളിയത്ത് പരിഭാഷ ചെയ്താണ് അത് ബംഗാളിയിൽ നിന്ന് മലയാളത്തിൽ എത്തിയത്. വിക്രമൻ നായരുടെ, യാത്രാ കുറിപ്പെഴുത്തുകാർക്കു അവശ്യം വേണ്ട രാഷ്ട്രീയവും, തുറന്ന മനസ്സും ഹ്യൂമർ സെൻസും എല്ലാമാണ് ആ പുസ്തകത്തെ വ്യത്യസ്‍തമാക്കുന്നത്. വീരേന്ദ്രകുമാറിന്റെ ഡാന്യൂബ് സാക്ഷിയിൽ അയാൾക്ക്‌ സായിപ്പന്മാർ ബർഗർ തിന്നുന്നതും കോള കുടിയ്ക്കുന്നതും ഒക്കെയാണ് ശ്രദ്ധ – മറ്റൊരിടത്ത് ഹോട്ടലിൽ ചുവരിന് പകരം ഗ്ലാസ് ആണ് എന്നതാണ്, ഇത്ര ബുദ്ധിമുട്ടി ഇയാളെന്തിനാണ് അങ്ങോട്ട് പോയത് എന്ന് തോന്നും. ഷെരീഫിനുള്ള ഗുണം വിക്രമൻ നായരാണ് അയാൾക്ക്‌ മാതൃക എന്നതാണ്. ലളിതമായ ഭാഷയിൽ അയാൾ കണ്ട കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിയ്ക്കുന്നു എന്ന് വായനക്കാരന് തോന്നും. അയാൾ ഒറ്റയ്ക്ക് പതിനഞ്ചാം വയസ്സിൽ യാത്ര പോകുന്നത്, യാത്രാമധ്യേ അയാൾക്ക് നൈമിഷിക ആകർഷണം തോന്നിയ സ്ത്രീ തീവണ്ടിയിൽ നിന്ന് ചാടി എന്നാരോ വന്ന് പറയുന്നത്, അയാൾ പിടിയ്ക്കാൻ സഹായിച്ച ഒരു കള്ളന്റെ നോട്ടം അയാളുടെ ഉറക്കം കളയുന്നത്, ലക്ഷദ്വീപിൽ അയാൾ കാണുന്ന ജാതി ജീവിതം, ഉത്തരേന്ത്യൻ കർഷകരുടെ ജീവിതം, ഹംപിയിലും ഡൽഹിയിലും കാശ്മീരിലും പോകുന്നത്, ആര്യന്മാരെപ്പറ്റിയുള്ള അന്വേഷണം ഇങ്ങനെ അനവധി ഓർമ്മിയ്ക്കത്തക്കതായ സംഗതികൾ ഈ പുസ്തകത്തിലുണ്ട് – എല്ലാ അനുഭവങ്ങളെയും ഒബ്ജക്റ്റീവ് ആയി സമീപിയ്ക്കാനുള്ള ശ്രമവും ഷെരീഫ് നടത്തുന്നുണ്ട്. ആഖ്യാനവേഗം കൂടിപ്പോയി എന്നൊരു പരാതിയാണ് എനിയ്ക്കുള്ളത്. 350സിസി എന്ന പുസ്‌തകത്തിലും ഷെരീഫിന്റെ നിരീക്ഷണപാടവം കാണാം. എന്നാൽ information overload ആണ് പുസ്തകം, എന്തെങ്കിലും തിരഞ്ഞു കണ്ടുപിടിയ്ക്കുക എന്നത് ദുഷ്കരം. ആ പ്രശ്നം ഈ പുസ്‌തകത്തിലില്ല.

  1. ഏണിപ്പടികൾ – Thakazhi Sivasankara Pillai

മലയാളത്തിലെ വളരെ പ്രധാനപ്പെട്ട, എന്നാൽ എപ്പോഴും അവഗണിയ്ക്കപ്പെടുന്ന, ക്‌ളാസ്സിക് കൃതി. ഖസാക്ക്, സുന്ദരിമാരും, അരനാഴികനേരം, മതിലുകൾ തുടങ്ങിയ നോവലുകളുടെ ഒപ്പം ഉച്ചരിയ്ക്കപ്പെടേണ്ട പേര്. അതെന്തുകൊണ്ട് ഉണ്ടാവുന്നില്ല എന്നെനിയ്ക്കറിയില്ല.

  1. നീർമാതളം പൂത്തകാലം – Madhavikutty

മലയാളം കണ്ട ഏറ്റവും മികച്ച എഴുത്തുകാരിലൊരാളാണ് മാധവിക്കുട്ടി എന്ന് അടിവരയിടുന്ന മറ്റൊരു പുസ്തകം. വിവരദോഷികളായ നിരൂപകരും വായനക്കാരും അവരെ ഒരു സെക്സ് സിംബൽ അല്ലെങ്കിൽ പൈങ്കിളി എഴുത്തുകാരിയായി മാത്രമാക്കി നിലനിറുത്താൻ യത്നിച്ചു എന്ന് വ്യക്തം. ബാല്യകാലസ്മരണകളോട് ചേർത്ത് വായിക്കുമ്പോൾ അവരുടെ ഭാവനയുടെയും എഴുത്തുവഴക്കത്തിന്റെയും തിളക്കം സഹൃദയർ ഈ പുസ്തകത്തിൽ കണ്ടെത്തും (രണ്ടാം വായനയിൽ തോന്നിയത്).

  1. അടിയാളപ്രേതം – P.F Mathews.

എന്റെ കുറിപ്പ് ഇവിടെ :-

അടിയാളപ്രേതം

  1. പറവയുടെ സ്വാതന്ത്ര്യം – Ajay P Mangatt

എന്റെ കുറിപ്പ് ഇവിടെ:-

പറവയുടെ സ്വാതന്ത്ര്യം

  1. കരിക്കോട്ടക്കരി – Vinoy Thomas

വിനോയ് തോമസിന്റെ ഏറ്റവും മികച്ച വർക്ക്, ഡിസി അവാർഡ് കിട്ടിയ അപൂർവ്വം നല്ല പുസ്തകങ്ങളിലൊന്ന്. ആദ്യനോവലാണെങ്കിലും ഭാഷ, തീംസ്, എഴുത്ത് എല്ലാം നന്നായി വന്ന പുസ്തകം. നല്ല ഹോംവർക് ഇതിനുപിന്നിലുണ്ട്. ഈ ടോണിൽ അയാൾ “പുറ്റ്” എഴുതിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. നോവലിന്റെ അവസാനം അരോചകമാണ്, വെറും ക്ളീഷേ, എന്നാലും നോവലിലെ പാത്രങ്ങളും കഥയും ശക്തമാണ്, ഇറ്റ് മൂവ്ഡ് മി.

  1. ചന്ദനമരങ്ങൾ – Madhavikkutty

പത്തുവർഷങ്ങൾക്കെങ്കിലും ശേഷം രണ്ടാമത് വായിച്ചു. മാധവിക്കുട്ടിയുടെ സ്ത്രീ കഥാപാത്രങ്ങൾ പുരുഷലോകത്തെ കാണുന്ന വിധം – അതുപോലെ ഒരു സ്ത്രീയും എഴുതിയിട്ടില്ല നമ്മുടെ ഭാഷയിൽ. സാറ പോലും അവർക്കെത്രയോ പിറകിലാണ്.

  1. മിണ്ടാച്ചെന്നായ് – Jeyamohan

ജയമോഹന്റെ സാധാരണ സംസാരങ്ങളും രാഷ്ട്രീയവും ഒക്കെ അസഹനീയമാണ്, പക്ഷെ അയാളുടെ പുസ്തകങ്ങൾ വേറെ ലോകമാണ്. Curious എന്ന് വിളിയ്ക്കാവുന്ന ഒരു മലയാളം തമിഴ് മിക്സ് ആണ് അയാളുടെ ഭാഷ (അയാളുടെ പുസ്‌തകങ്ങളുടെ പരിഭാഷയും അയാളുടെയാണെന്നു ഞാൻ കരുതുന്നു), അയാളുടെ കഥപറച്ചിലിന്റെ ഭംഗിയും ഈ മിക്സിൽ നിന്നാണ്. ജാതി അടിമത്തം എന്നിവ പശ്ചാത്തലമൊരുക്കുന്ന ഒരു കഥയാണ് ഇവിടെയും. പ്രകൃതി ഈ കഥയെ ചൂഴ്ന്നു നിൽക്കുന്നു, നിരീക്ഷണത്തിന്റെ വിദ്യ അറിയാവുന്ന എഴുത്തുകാരനിന്റെ തൂലികയിൽ കാഴ്ചകൾ തിളങ്ങിനിൽക്കുന്നു.

  1. പാത്തുമ്മയുടെ ആട് – Vaikom Muhammad Basheer

കൂടുതൽ ഒന്നും പറയാനില്ല. ഇതൊക്കെ വായിയ്ക്കാതെ എന്ത് മലയാളം?

  1. എതിര് – Kunajaman

കുഞ്ഞാമന്റെ “എതിര്” എന്ന പുസ്തകത്തിൽ ചിന്തയും വൈകാരികതയും ഉണ്ട് – മനുഷ്യനെ ഞെട്ടിപ്പിയ്ക്കുന്ന ജീവിതാനുഭവങ്ങൾ അയാൾക്കുണ്ട്. അയാളിലെ അക്കാദമിക്കിനെ കേളത്തിലെ രാഷ്ട്രീയക്കാർ ഒതുക്കാൻ നോക്കി എന്നതുമുണ്ട്. പുസ്തകത്തിൽ അയാളോട് ഏറ്റവും മോശമായി പ്രതികരിയ്ക്കുന്ന രാഷ്ട്രീയക്കാരൻ ആന്റണിയാണ് – എന്നാൽ കുഞ്ഞാമന്റെ വിമർശനം മുഴുവൻ കമ്യൂണിസത്തിനും ഇടതു രാഷ്ട്രീയത്തിനും എതിരായാണ്. വലതുപക്ഷ രാഷ്ട്രീയത്തെപ്പറ്റി, ദളിത് ബുദ്ധിജീവികൾ ജമായത്തു വേദികളിൽ ഭിക്ഷാംദേഹികളായി പോകുന്നതിനെപ്പറ്റി ഒരു വാചകം പോലും ആ പുസ്തകത്തിലില്ല. ഇടതിന് പകരം എന്ത് ബദലാണ് ദളിത് ബുദ്ധിജീവികൾക്കു വയ്ക്കാനുള്ളത് എന്ന ചോദ്യത്തിനും നിശബ്ദതയാണ് മറുപടി.

  1. മാന്ത്രികപ്പൂച്ച – Vaikom Muhammad Basheer

Slightly overlong, fun read. Typical Basheer.

  1. വിഡ്ഢികളുടെ സ്വർഗ്ഗം – Vaikom Muhammad Basheer

പൂവമ്പഴവും, ഭാർഗവീനിലയം എന്ന തിരക്കഥയുടെ ഭാഗമായി മാറിയ പ്രേതകഥയും ആണ് ഈ കളക്ഷന്റെ ഹൈലൈറ്റ്.

  1. ഇതെന്റെ രക്തമാണെന്റെ മാംസമാണെടുത്തുകൊൾക – Echmukkuty

ഈ പുസ്തകത്തിനെപ്പറ്റി പൊതുവെ നുണ അല്ലെങ്കിൽ ഗോസിപ് എന്ന രീതിയിൽ ആളുകൾ പറയുന്നത് കണ്ടിട്ടുണ്ട്. പക്ഷെ എന്റെ വായനയിൽ എനിയ്ക്ക് അവർ പറയുന്നത് പരമസത്യമായാണ് തോന്നിയത്. അവർ നേരിടേണ്ടി വന്ന പീഢകളുടെ വായന ചിലപ്പോൾ കഠിനവുമാണ്. മലയാളസാഹിത്യത്തിന്റെ അണ്ടെർബെല്ലിയെപ്പറ്റി ധാരണയുള്ളതുകൊണ്ട് ഒന്നിലും അത്ഭുതം തോന്നിയില്ല.

  1. ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും – GR Indugopan

എനിയ്ക്ക് അവസാന കഥയാണ് ഇഷ്ടമായത്, ഇറ്റ്സ് ഗോപൻ അറ്റ് ഹിസ് ബെസ്റ്റ്. ഒന്നാമത്തെ കഥയാണ് കൂട്ടത്തിൽ മോശം. പോപ്പുലർ ഒപീനിയൻ ആദ്യകഥയ്‌ക്കൊപ്പമാണ്, അതുപിന്നെ അങ്ങനെയാണല്ലോ. രണ്ടാമത്തെ കഥയിലെ ചില വിവരണങ്ങൾ രസകരമായി തോന്നി.

മലയാളം (5 സ്റ്റാർ ബുക്ക്സ്)

  1. ശബ്ദങ്ങൾ – Vaikom Muhammad Basheer

കൂടുതലായി ഒന്നും പറയാനില്ല. ബഷീറിന്റെ സാധാരണ ശൈലിയ്ക്കും ടോണിനും പുറത്തുള്ള പുസ്തകം. എന്നിട്ടും അയാൾ അനായാസം അതെഴുതി. ബഷീർ എഴുതാതിരുന്ന അനവധി അനുഭവങ്ങൾ അയാൾക്കുണ്ടെന്നു എനിയ്ക്കാദ്യം തോന്നിച്ച പുസ്തകം.

  1. ധർമ്മരാജ്യം – Vaikom Muhammad Basheer

മലയാളത്തിലെ മാസ്റ്റർ എഴുത്തുകാരന്റെ, പ്രതീക്ഷയ്ക്കപ്പുറം പോയ, കത്തുകളുടെയും കുറിപ്പുകളുടെയും സമാഹാരം. “ബഷീർ നിലാവ്” പോലെയാക്കി ഡിസി നശിപ്പിയ്ക്കാതെയിരുന്ന പുസ്തകം. ചില കുറിപ്പുകൾ അസാധ്യമാം വിധം funny ആണ്. ഈ വർഷം കുറെയധികം ബഷീർ വായിച്ചു, അയാളുടെ ശൈലിയും മറ്റും ശ്രദ്ധിച്ചുകൊണ്ട്. അയാൾ അതിബുദ്ധിമാനായ എഴുത്തുകാരനാണ്, അയാളുടെ മനപൂർവ്വമുള്ള എഴുത്തിലെ ലാളിത്യം അത്ര എളുപ്പമല്ല അനുകരിയ്ക്കാൻ. ഈ ഒരൊറ്റക്കരണം കൊണ്ട് അയാൾ മലയാളത്തിൽ എന്നും വേറിട്ട് നിൽക്കും.

  1. അനുരാഗത്തിന്റെ ദിനങ്ങൾ – Vaikom Muhammad Basheer

ഇതിലെ ഡീറ്റയിലിങ്ങിനെപ്പറ്റി ധാരാളം എഴുതിയിട്ടുള്ളത് കൊണ്ട് കൂടുതലായി ഒന്നും പറയുന്നില്ല. its astonishing he could do this back then.

ബഷീറിന്റെ ഓർമ്മദിനത്തിന് എഴുതിയ കുറിപ്പ് :-

ബഷീർ

  1. ബാല്യകാലസ്മരണകൾ – Madhavikutty

ഓട്ടോ ഫിക്ഷൻ എന്തെന്ന് ചോദിയ്ക്കുന്നവർക്കുള്ള മലയാളം ഉദാഹരണം. വർഷങ്ങൾക്കുശേഷം ദോഷൈകദൃക്കായി ഈ പുസ്തകം വീണ്ടും വായിച്ചു. മാധവിക്കുട്ടിയുടെ എഴുത്തിന്റെ ലാളിത്യവും വാക്കുകളുടെ പിശുക്കുമാണ് അവരുടെ ശക്തി. അവരുടെ സ്ത്രീപാത്രങ്ങൾക്കുള്ള വ്യക്തത മലയാളത്തിൽ അനന്യമാണ്‌. ഇത്തരം എഴുത്തുകളിൽ സാധാരണ എഴുത്തുകാർ എടുത്തുപയോഗിയ്ക്കുമായിരുന്ന അവരുടെ പ്രശസ്തരായ അമ്മയുടെ കവിതകളും അമ്മാവന്റെ പുസ്തകലോകവും പാണ്ഡിത്യവും ഒന്നും തന്റെ ആഖ്യാനത്തെ ബാധിയ്ക്കാതെ, തന്റെ മാത്രം കഥയായി ഈ പുസ്തകം അതവതരിപ്പിച്ചതിൽ മാധവിക്കുട്ടിയുടെ എഴുത്തുബുദ്ധിയുടെ മിടുക്കു കാണാം. കുടുംബത്തിന്റെ സുഹൃദ് വലയം പുസ്തകത്തിലെ മിഴിവോടെ കടന്നുവരുന്നുണ്ട് താനും (വീടിയുടെ ചിരി പോലെയുള്ളത്). അപ്പോഴും ഒരു കുട്ടിക്കഥയുടെ ലാളിത്യം ഇതിനുണ്ട്. പക്ഷെ ഈ ലാളിത്യം ബഷീറിലെന്നപോലെ മാധവിക്കുട്ടിയിലും deceptive ആണ്.

  1. വിക്ടർ ലീനസിന്റെ കഥകൾ – Victor Lenous

എന്റെ കുറിപ്പ് ഇവിടെ :-

വിക്റ്റർ ലീനസിന്റെ കഥകൾ

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top