
ചില പുസ്തകങ്ങളുടെ വായനാനുഭവം തികച്ചും വ്യക്തിപരമാണ് എന്ന് തോന്നാറുണ്ട്. ചില പുസ്തകങ്ങൾ നമ്മൾ വായിച്ച വിധം, നമ്മുടെ അനുഭവം വാക്കുകളിൽ വിവരിയ്ക്കുക പ്രയാസം. അതിനു വേണ്ട അധ്വാനമാലോചിയ്ക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നതാണ് നല്ലതെന്നു തോന്നും. ഞാൻ ഫോസയുടെ സെപ്റ്റോളജി സീരീസ് രണ്ടുവട്ടം വായിച്ചു – എന്നാൽ അതിനെപ്പറ്റി എഴുതുക വയ്യ. ബ്ലഡ് മെരിഡിയൻ അതുപോലൊരു നോവലാണ്. മക്കാർത്തിയുടെ ഭാഷ കഠിനമാണ് – എന്നാൽ ഇംഗ്ളീഷ് ഭാഷയുടെ സൗന്ദര്യം അയാളിലുണ്ട്. ഇക്കൊല്ലം ഞാൻ വായിച്ച ഫൈവ് സ്റ്റാർ വായനകളിലൊന്ന് Suttree ആണ്, മക്കാർത്തിയുടെ നാലാം നോവൽ, അയാളുടെ ബെസ്റ്റ് വർക്കുകളിലൊന്ന്. നോവൽ തുടങ്ങുകയാണ് – Dear friend now in the dusty clockless hours of the town when the streets lie black and steaming in the wake of the watertrucks and now when the drunk and the homeless have washed up in the lee of walls in alleys or abandoned lots and cats go forth highshouldered and lean in the grim perimeters about, now in these sootblacked brick or cobbled corridors where lightwire shadows make a gothic harp of cellar doors no soul shall walk save you. മൂന്നു Now-കൾ ശ്രദ്ധിയ്ക്കുക. പിന്നെ “ഗോഥിക് ഹാർപ് ഓഫ് സെല്ലാർ ഡോ~സ്”. ഈ നോവൽ Erskine എന്ന എഡിറ്റർക്ക് കൊടുത്തപ്പോൾ 1600+ പേജുകൾ ആയിരുന്നു, ആദ്യത്തെ ഇരുന്നൂറോ മറ്റോ പേജുകൾ കളയാനാണ് അയാൾ പറഞ്ഞത്. മക്കാർത്തി അനുസരിച്ചു. അടുത്ത ഡ്രാഫ്റ്റ് പകുതി വലുപ്പത്തിലാണ് വന്നത്. ഈ നോവലിൽ വർക്ക് ചെയ്യുമ്പോൾ അയാൾ മറ്റു നോവലുകൾ എഴുതി – കാരണം മക്കാർത്തിയ്ക്ക് ഇത് അയാളുടെ മാഗ്നം ഓപ്പസ് ആയിരുന്നു (പത്തു വർഷമാണ് നോവൽ പൂർത്തിയാക്കാനെടുത്തത്). അഥവാ ബ്ലഡ് മെരിഡിയനെക്കാൾ മേലെ ആളുകൾ ഈ നോവൽ കാണുന്നത് എന്തുകൊണ്ട് എന്നത് അന്വേഷിച്ചാണ് ഞാനീ നോവൽ വായനയിലെടുത്തത്. ആ വായനയുടെ ലഹരി അനന്യമായിരുന്നു. എന്തിനാണ് ഇമ്മാതിരി വാചകങ്ങൾ എന്നൊരു ചോദ്യം വരുമല്ലോ. വൈ? ഈ നോവൽ നിങ്ങളോടു പറയുകയാണ് – സ്ലോ ഡൗൺ. പതിയെ വായിയ്ക്കൂ. അതാണ് നോവലിന്റെ, എഴുത്തുകാരന്റെ ശക്തിയും. നായകന്റെ നദിയിലെ ബിംബത്തെയാണ് നമ്മളാദ്യം കാണുന്നത്, പിന്നെ അയാളെ – അയാളുടെ ഇരട്ട ജീവിതത്തെ എഴുത്തുകാരൻ സൂചിപ്പിയ്ക്കുകയാണ് (The watcher’s face rode beside the boat, a sepia visage yawing in the scum, eyes veering and watery grimace). ഈ നോവലിൽ കാര്യമായ പ്ലോട്ട് ഒന്നുമില്ല. ചില സംഭവങ്ങൾ ഒന്നിനു പിറകേ ഒന്നായി നടക്കുന്നു. എന്നാൽ നോവലിലെ ഉലകം അതിശയിപ്പിക്കുന്നതാണ് – ദരിദ്രരും, മുഴുക്കുടിയന്മാരും, കള്ളന്മാരും, വേശ്യകളും ഉള്ള ഈ വിദൂര ദരിദ്ര ലോകത്ത് എന്തിനാണ് വിദ്യാസമ്പന്നനായ, ധനികനായ ഒരു യുവാവ്, Suttree, വന്നു ജീവിയ്ക്കുന്നത്? എന്നാൽ അയാൾ ബുദ്ധനൊന്നുമല്ല താനും. അമ്മാതിരി അന്വേഷണങ്ങളൊന്നും ഒറ്റനോട്ടത്തിൽ അയാളിലില്ല. ഹി ഈസ് എ ഡ്രിഫ്റ്റർ. എന്നാൽ അയാളതാണോ? ജയിലിലും പുറത്തും മീൻ പിടിച്ചും മലനിരകളിൽ ഒറ്റയ്ക്ക് ജീവിച്ചും എല്ലാം അയാൾ ഈ നോവലിൽ കഴിഞ്ഞു പോകുന്നു. എന്തിന് എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. നായകന് ഒരു ഭൂതകാലമുണ്ട്. അത് പതിയെ അങ്ങിങ്ങായി നോവലിൽ വെളിപ്പെടുന്നു. ഒരു തരം സ്വയം നിഷേധം ആണ് നായകനെ നയിയ്ക്കുന്നത്. അയാളൊരിയ്ക്കൽ പെട്ടെന്ന് ഒരു മലമുകളിൽ ചെന്ന് താമസിയ്ക്കുന്നു. പ്രകൃതിയെ നിരീക്ഷിയ്ക്കുകയും ഒരു നാടോടിയെപ്പോലെ ജീവിയ്ക്കുകയും ചെയ്യുന്നു. രണ്ടു തവണ മരണാസന്നനായി അയാൾ ആശുപ്രതിയിലാവുന്നു. രണ്ടു തവണയും അയാൾ ചികിത്സയ്ക്കിടെ അവിടെനിന്ന് ഇറങ്ങിപ്പോരുന്നു. അയാളുടെ ചുറ്റുമുള്ള കഥാപാത്രങ്ങൾ ജീവിതത്തിന്റെ അടിയേറ്റു ചതഞ്ഞു പോയവരാണ്. അവരുടെ ദുരന്തങ്ങളെ വിവരിയ്ക്കുന്ന മക്കാർത്തിയുടെ ടെക്സ്റ്റ് പലപ്പോഴും ഗ്രേറ്റെസ്റ്റ് എഴുത്തുകാരുടെ എസ്കാസ്റ്റിക് ലെവലിലേയ്ക്ക് ഉയരുന്നു. പോലീസ് ബ്രൂട്ടാലിറ്റി ഒരു സ്ഥിരം സാന്നിദ്ധ്യമാണിതിൽ. മെരിഡിയനിൽ വൈൽഡ് വെസ്റ്റ് സത്യത്തിൽ എന്തായിരുന്നു എന്ന് കാണിയ്ക്കുന്ന പോലെ അമ്പതുകളിലെ അമേരിയ്ക്കൻ അരികുജീവിതങ്ങൾ എന്താണ് എന്ന് കാണിയ്ക്കുകയാണ് ഈ നോവൽ. സുട്രി ചെന്ന് പെടുന്ന ഇടങ്ങൾ വ്യത്യസ്‍തങ്ങളാണ്. ജയിലിൽ, പേൾ ശേഖരിയ്ക്കുന്ന ഒരാളുടെ കൂടെ, കാമുകിയോടൊത്തുള്ള വളരെ കുറഞ്ഞകാലത്തേയ്ക്കുള്ള പോഷ് ലൈഫ്, ആശുപത്രിവാസങ്ങൾ – ഒരിയ്ക്കൽ തലയോട് തകർന്നും, പിന്നൊരിയ്ക്കൽ അസുഖം വന്നു മരണാസന്നനായും – വനവാസം, മലമുകളിലെ ഏകാന്തവാസം. പാത്രങ്ങളുടെ യാതനകളിൽ എഴുത്തുകാരനൊരു സുഖം പോലുമുണ്ടെന്ന് തോന്നും. ഇവിടെ വായനക്കാരന് ഡോസ്റ്റോയും ഫോസയും മനസ്സിൽ വരും. ഡോസ്റ്റോ കടുത്ത വിശ്വാസിയായിരുന്നു. എന്നാൽ അവസാനകാലത്ത് അയാൾക്ക് ചാഞ്ചാട്ടമുണ്ടായി. അവിശ്വാസിയായ ഫോസ പള്ളിയില്ലാത്ത കാത്തലിക് ആയി. മക്കാർത്തി സംശയാലുവായ കാത്തലിക് ആണ്. ബൈബിൾ ബിംബങ്ങളുടെ മാരത്തോൺ ആണ് അയാളുടെ നോവലുകൾ. വേസ്റ്റ് ലാൻഡ് പോലെ ഒരിടത്താണ് നോവൽ സെറ്റ് ചെയ്തിരിയ്ക്കുന്നത്. ബാഹ്യവും ആന്തരികവുമായ വേസ്റ്റ് ലാൻഡ്. പോസ്റ്റ് വാർ ഡിസില്യൂഷൻമെന്റ്, കൾച്ചറൽ കൊളാപ്സ് ഇങ്ങനെ പല രീതിയിൽ ഇതിനെ വായിച്ചെടുക്കാം. അമേരിക്കനായതുകൊണ്ടു ധാരാളം പഠനങ്ങൾ നോവലിസ്റ്റിന്റെ കൃതികളെപ്പറ്റിയുണ്ട്. നമ്മുടെ വലിയ വായനക്കാർക്കൊന്നും അമെരിയ്ക്കൻ സാഹിത്യം പഥ്യമല്ലാത്തതുകൊണ്ടാണ് നമ്മൾ മക്കാർത്തി, ഓസ്റ്റർ എന്നൊന്നും അധികം കേൾക്കാത്തത് എന്നതുമുണ്ട്. പുനർവായനയ്ക്ക് ധാരാളം കോപ്പുള്ള നോവലാണ് എന്ന് പറഞ്ഞുകൊണ്ട് ചുരുക്കുന്നു.