
വിചിത്രമാണ് വായനാവഴികൾ. ഹൈപ്പീരിയൻ എന്ന scifi നോവൽ വന്ന് മുപ്പത്തഞ്ചു വർഷങ്ങൾ കഴിഞ്ഞു. ബിബ്ലിക്കൽ ഇമേജുകളാണ് ഈ നോവൽ വായിയ്ക്കുന്നതിൽ നിന്നെന്നെ തടഞ്ഞത്. എന്നാൽ വായനയിൽ അവയുടെ ഉപയോഗം ഉജ്ജ്വലമായി തോന്നി എന്നതാണ് സത്യം(ഡോസ്റ്റോ ഓഫ് ദി genre വേൾഡ് എന്ന് പോലും പറയാവുന്ന രീതിയിൽ). എന്നാൽ അത് മാത്രമല്ല, കീറ്റ്സ് എന്ന കവിയെ ഉപയോഗിച്ച വിധവും ഈ നോവലിന്റെ മിടുക്കാണ്. കീറ്റ്സിന്റെ പ്രസിദ്ധ കവിതയാണ് ഹൈപ്പീരിയൻ – അതിനെ തുടർന്നുള്ള അയാളുടെ കവിതകളുടെ പേരുകളാണ് ഈ നോവൽ സീരീസിലെ ഓരോ പുസ്തകങ്ങൾക്കും. കുടിച്ചു അന്തം വിട്ടു തെറിവാക്കുകളും പറഞ്ഞ് അലഞ്ഞു നടക്കുന്ന ഒരു കീറ്റ്സ് ആരാധകനായ കവിയും ഇതിൽ പാത്രമായുണ്ട്. പോരാത്തതിന് കീറ്റ്സ് തന്നെ എഐ (മുപ്പത്തഞ്ചു വര്ഷം മുന്നേയുള്ള എഴുത്താണ്, ഈ ഭാഗങ്ങൾ ഉജ്ജ്വലമാണ്) ആയും സെമി ഹ്യൂമൻ പെഴ്സോണാ ആയും എല്ലാം വരുന്നു(സീരീസിലെ രണ്ടാം നോവൽ തുടങ്ങുന്നത് തന്നെ മറ്റൊരു കീറ്റ്സ് പെഴ്സോണായെ കാണിച്ചുകൊണ്ടാണ്).
ഉജ്ജ്വലമാണ് ഈ നോവൽ. എ മാസ്റ്റർപീസ്. ഒരു പക്ഷെ ഏറ്റവും മികച്ച രണ്ടോ മൂന്നോ scifi നോവലുകളിൽ ഒന്ന്. മനുഷ്യൻ ടെറാഫോം ചെയ്ത മൂന്നൂറോളം പ്ലാനറ്റുകൾ ഉള്ള യൂണിവേഴ്സിലാണ് ഈ കഥ നടക്കുന്നത്. ഏഴു തീർത്ഥാടകർ ഹൈപ്പീരിയൻ എന്ന ഗ്രഹത്തിലേയ്ക്ക് പിൽഗ്രിമേജ് പോവുകയാണ്. ഷ്രയ് ക്ക് എന്ന ഒരു എന്റിറ്റി അവിടെയുണ്ട് എന്ന് പറയപ്പെടുന്നു, അതിന്റെ ടെമ്പിളും. കൂടെ ടൈം ടൂമ്ബ് എന്ന നിർമ്മിതികളും. എന്താണ് അവയുടെ സത്യം, ടൈം ടൂമ്പുകൾ കാലങ്ങൾക്കു ശേഷം സ്വയം തുറക്കാൻ പോകുകയാണ്, അപ്പോഴെന്തു സംഭവിയ്ക്കും? ലോകത്തിന്റെ ഭാഗധേയം നിർണ്ണയിയ്ക്കാൻ ശക്തിയുള്ള ഈ എന്റിറ്റിയുടെ മുന്നിൽ ഓരോ ചോദ്യം വീതം ചോദിയ്ക്കുക എന്നതാണ് അവരുടെ ദൗത്യം, ഓരോരുത്തർക്കും ഒരു കഥയുണ്ട്, ആ കഥകൾ ഈ യാത്രയിൽ ഓരോരുത്തരായി വെളിപ്പെടുത്തുന്നു. ഹോയ്റ്റ് എന്ന പാതിരി, തന്റെ ഗുരു നടത്തിയ ഹൈപ്പീരിയൻ യാത്രയെപ്പറ്റിയുള്ള ഗുരുവിന്റെ തന്നെ ജേർണലുകൾ വായിയ്ക്കുന്നു. ആ ഗ്രഹത്തിൽ ആദിമവാസികളെപ്പോലെ കാണപ്പെടുന്ന മനുഷ്യരുടെ രഹസ്യം കണ്ടെത്തുന്ന അയാൾ യേശുവെപ്പോലെ മരിയ്ക്കുന്ന രംഗം ഈ നോവലിലെ ഉജ്ജ്വല മുഹൂർത്തമാണ്.
സൈലീനസ് എന്ന കവി തന്റെ ആദ്യ കവിതയിലൂടെ ബില്യണയർ ആയി മാറി. ഭൂമി നശിയ്ക്കുമ്പോൾ അയാളുടെ അരിസ്റ്റോക്രാറ്റായ അമ്മ അയാളെ ഒരു പോഡിൽ കയറ്റി മറ്റൊരു യൂണിവേഴ്സിൽ അയയ്ക്കുന്നു, അപ്പോഴേയ്ക്കും അയാളുടെ അളവറ്റ സ്വത്തുക്കൾ കറൻസി കാൻസൽ ആയ കാരണം നഷ്ടമായി, ദരിദ്രനായി, അടിമയായി ജീവിയ്ക്കേണ്ടി വരുന്ന അയാൾ അവിടെ നിന്ന് രക്ഷപ്പെട്ട് എഴുതുന്ന കവിതയാണ് ഹൈപ്പീരിയൻ, ഇത് ഷ്രയ് ക്കിനെ വിളിച്ചു വരുത്തുന്നതായി ആളുകൾ കരുതുന്നു. വൈൻട്രോപ് എന്ന സ് കോളറുടെ മകൾ ഹൈപ്പീരിയനിലെ സ്ഫിംക്സ് പിരമിഡിനുള്ളിൽ വച്ച് അസാധാരണമായ ഒരു അനുഭവത്തിനു ഇരയാകുന്നു. അവൾ റിവേഴ്സ് ഏജ് ചെയ്യാൻ തുടങ്ങുന്നു. അതിനുമുന്നെ തന്നെ വൈൻട്രോപ് ഒരു സ്വപ്നം കാണുന്നുണ്ട്. സ്വപ്നത്തിൽ ഷ്രയ് ക്ക് എന്ന് കരുതാവുന്ന ഒരു ശക്തി അയാളോട് ഹൈപ്പീരിയനിൽ വന്ന് മകളെ അവിടെ ബലികൊടുക്കാൻ പറയുകയാണ്. ഈ സ്വപ്നം ആവർത്തിച്ചു കൊണ്ടിരിയ്ക്കുന്നു.
ലാമിയ എന്ന ഡിറ്റക്റ്റീവ് ഒരു എഐ-യെ കണ്ടുമുട്ടുന്നു. അയാൾ അവളോട് തന്നെ ആരോ കൊന്നതായി പറയുന്നു. ഉഗ്രൻ സൈഫൈ ഐഡിയകൾ വന്നുപോകുന്ന ഒരു ഭാഗമാണ് ഇത് (എഐ തന്നെ ഒരു യൂണിവേഴ്സൽ ഉപജാപകസംഘം പോലെയാണ് വർത്തിയ് ക്കുന്നത്). ഇങ്ങനെ ഓരോ കഥാപാത്രങ്ങളും അറിഞ്ഞും അറിയാതെയും എല്ലാം ഷ്രയ് ക്കുമായും ഹൈപ്പീരിയനുമായും ബന്ധപ്പെടുന്നു. മനുഷ്യഭാവനയുടെ ഉത്തുംഗമാണ് ജോൻറ/സൈഫൈ നോവലുകളിൽ കാണുക എന്നാണ് ഞാൻ കരുതുന്നത്. നിങ്ങൾ ലിറ്ററി വായനക്കാരൻ ആണെങ്കിൽ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടില്ലാതെ വായിയ്ക്കാൻ പറ്റിയ ജോൻറ എഴുത്തുകാരുണ്ട്, ലെക്കാറെ, യു നെസ് ബോ തുടങ്ങിയവർ. സൈഫൈയിൽ അതിലൊരാൾ ഡാൻ സിമ്മൺസാണ്.
മുപ്പത്തഞ്ചു വർഷം പഴക്കമുള്ള ഒരു സൈഫൈ നോവൽ എഐ കാലത്ത് വായിയ്ക്കുമ്പോൾ ഞാൻ പ്രതീക്ഷിച്ച ക്രിഞ്ച് മൊമെന്റ് സ് ഇതിൽ ഇല്ലായിരുന്നു എന്നതാണ് ഈ നോവലിന്റെ മേന്മ. സാഹിത്യം, മതം തുടങ്ങിയുള്ള എലിമെന്റുകൾ ഈ നോവലിൽ വിളക്കിച്ചേർത്തതും അതുല്യമായാണ് . ഈ വർഷത്തെ എന്റെ ഫൈവ് സ്റ്റാർ വായനകളിൽ ഒന്ന്.
എൻബി: കീറ്റ്സിന്റെ ഹൈപ്പീരിയനും, ബാക്കിയുള്ള കവിതകളും വായിയ്ക്കാൻ തുടങ്ങുകയും, അയാളുടെ ഒരു എവരിമാൻ ഹാർഡ് കവർ വാങ്ങുകയും ചെയ്തു എന്നതാണ് ആദ്യം പറഞ്ഞ വിചിത്രത.