ഇറ്റാലിയൻ എഴുത്തുകാരനായ അന്റോണിയോ മൊറേസ്കോ പോമോ എഴുത്തുകാരനാണ്. പുസ്തകങ്ങൾ ചെറുതാണ്. അയാളുടെ “ഡിസ്റ്റന്റ് ലൈറ്റ്” സുഹൃത്ത് നൊബേൽ സാധ്യതയുണ്ടെന്ന് പറഞ്ഞുകേട്ട് ഞാൻ വായിയ്ക്കുകയാണ് (ഇത്തരം എഴുത്തുകൾ ഇപ്പോഴെനിയ്ക്കു പ്രിയമല്ല). ബുക്കികളുടെ പെറ്റായ കാൻ സൂ ആന്റി ചൈന ആയതാണ് അവരുടെ സാധ്യത വർദ്ധിപ്പിയ്ക്കുന്നത്. അവരുടെ ഒന്നുരണ്ടു പുസ്തകങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വായിയ്ക്കാൻ സാധ്യത ഉടനെയില്ല. മുറകാമി എനിയ്ക്കു ബൈഹാർട്ടാണ്. ജെറാൾഡ് മർനെയിന്റെ മൂന്നുനോവലുകളും അഞ്ചാറ് കഥകളും അത്രയും കവിതകളും വായിച്ചിട്ടുണ്ട്. കവിതകൾ കൊള്ളില്ല. പക്ഷെ അയാളുടെ ടെക്സ്റ്റ് ഇതുവരെ പറഞ്ഞ എഴുത്തുകാരെക്കാളും സോഫിസ്റ്റിക്കേറ്റഡ് ആണ്. കാർട്ടറസ്ക്യൂവും ഫോസേയും ചുമ്മാ ഹൈപ്പ് ആണെന്ന് ഒരു ഓൺലൈൻ നിരൂപകൻ പറഞ്ഞെന്നു കേട്ടു. പമ്പരവിഡ്ഢി എന്നാണ് എന്റെ മനസ്സിൽ വന്ന ആദ്യ വാചകം. രണ്ടുപേരും തങ്ങളുടെ എഴുത്തിന്റെ പീക്കിൽ നിൽക്കുന്ന അത്യജ്ജ്വല താരങ്ങളാണ്. രണ്ടുപേരുടെയും ടെക്സ്റ്റ് അത്യുദാത്തമാണ്. സാധാരണ എഴുത്തുകാർക്ക് അമ്മാതിരി വാചകങ്ങൾ സൃഷ്ടിയ്ക്കാനാവില്ല. അവരുടെ രണ്ടുപേരുടെയും പുതിയ പുസ്തകങ്ങൾ ഉടനെ വരുന്നുണ്ടെന്നു അറിയുക (അവർക്ക് നൊബേൽ കിട്ടുന്നത് ആ അവാർഡിന്റെ അന്തസ്സ് വർദ്ധിപ്പിയ്ക്കും). versatile ആയ ആൻ കാഴ്സൺ, തന്നെത്തന്നെ പലരീതിയിൽ റീഇൻവെൻറ് ചെയ്തിട്ടുള്ള ഡാഗ് സോൾസ്റ്റാഡ്, ലെജൻഡറി എൻഗുഗി, അത്യുജ്ജ്വലയായ ലിഡിയ ഡേവിസ്, ഒന്നാന്തരം ഹ്യൂമർ എഴുതുന്ന റുഷ്ദി, സൈക്കോളജിസ്റ്റായ Antunes, യുനീക് ആയ ക്രസ്നഹോർക്കായി, ആരുമധികം പറയാത്ത എലീന ഫിറന്തേ, മാവോറി എഴുത്തുകാരൻ വിറ്റി ഇഹിമേയ്റെ ഇങ്ങനെ പലരുണ്ട്. അതിൽ Antunes, കാർട്ടറസ്ക്യൂ തുടങ്ങിയവർ എല്ലാവര്ക്കും വായിയ്ക്കാവുന്ന എഴുത്തുകാരല്ല. എനിയ്ക്ക് ആദ്യം വായിച്ച സമയത്തു ഒരക്ഷരം മനസ്സിലാവാഞ്ഞ എഴുത്തുകാരനാണ് Antunes. വളരെ പിന്നെയാണ് ഒരു വഴി തെളിഞ്ഞത്. ക്രസ്നഹോർക്കായി ഒന്ന് മിനക്കെട്ടാൽ അത്യസാധാരണ അനുഭവം തരുന്ന എഴുത്തുകാരനാണ്. അവസാനം വന്ന ഒന്നുരണ്ടു ബുക്കുകൾ വെറും ചവറായിരുന്നു (ചവറെഴുതാത്ത ഒരേയൊരുത്തൻ ഫോസേ ആണെന്നു തോന്നുന്നു) റുഷ്ദിയും മുറകാമിയും നൊബേൽ ജയിയ്ക്കേണ്ട stature ഉള്ള എഴുത്തുകാരല്ല, നല്ലതിനൊപ്പം ഒന്നാന്തരം ചവറെഴുതാനുള്ള കഴിവാണ് രണ്ടുപേരെയും വ്യത്യസ്തരാക്കുന്നത്. എന്നാൽ റുഷ്ദി മുറകാമിയെക്കാളും മികച്ച എഴുത്തുകാരനാണ്. അവർ ജയിച്ചാലും വലിയ കാര്യമൊന്നുമില്ല. ഫിറന്തേ ജയിച്ചാൽ അത്ഭുതമായിരിയ്ക്കും. വിറ്റി ജയിച്ചാൽ ആദിമജനത ഏറ്റവും അന്തസായി ജീവിയ്ക്കുന്ന ന്യൂസിലാൻഡിന് അഭിമാനിയ്ക്കാം. ഫോസേ കഴിഞ്ഞാൽ മർനെയ്ൻ ജയിയ്ക്കണം എന്നാണെനിയ്ക്ക്. ഇവരൊന്നുമല്ലാത്ത ഒരു പുതിയ, ആരും കേൾക്കാത്ത എഴുത്തുകാരൻ ജയിയ്ക്കുന്നത് എന്നിലെ വായനക്കാരന് പക്ഷെ, വളരെ എക്സൈറ്റിംഗ് ആയിരിയ്ക്കും.