മുറകാമി സാഹിത്യം

മുറകാമിയുടെ നോവലുകൾ അവയുടെ ദീർഘതയിലും വായനാക്ഷമമാണ്, അതുകൊണ്ടു തന്നെ അസാധാരണ പോപ്പുലാരിറ്റി ഈ എഴുത്തുകാരനുണ്ട്. ആദ്യ രണ്ടു നോവലുകൾ ആണ് കൂട്ടത്തിൽ ചെറുത്. പിന്നെ അങ്ങോട്ട് പലപ്പോഴും ഭീമാകാരമാർന്ന നോവലുകൾ അയാൾ എഴുതിയിട്ടുണ്ട്. “വൈൻഡ് അപ്പ് ബേർഡ്” തുടങ്ങിയ നോവലുകൾ 25000 വാക്കുകളോളം വെട്ടിക്കളഞ്ഞാണ് ഇംഗ്ളീഷിൽ വന്നത് എന്നാണ് പറയുന്നത് (https://melethilwrites.wordpress.com/2020/09/30/പരിഭാഷയിൽ/). മുറകാമിയുടെ ഏറ്റവും മികച്ച നോവലായി എല്ലാവരും പറയുന്ന ഒന്നാണ് “വൈൻഡ് അപ്പ്” – മംഗോളിയൻ യുദ്ധ ചരിത്രവും അയാളുടെ “കിണർ” കൺസെപ്റ്റിന്റെ ഏറ്റവും മികച്ച execution-ഉം ആണ് ഈ നോവലിൽ. കിണറും കാമിയുടെ നോവലുകളും തമ്മിൽ ഒബ്‌സെസ്സിവ് ആയുള്ള ബന്ധമാണുള്ളത്. ആദ്യ ട്വിൻ നോവലുകളിൽ (ഹിയർ ദി വിൻഡ് സിംഗ്‌, പിൻബാൾ) ചൊവ്വയിലെ കുഴികളിലേയ്ക്ക് (കിണർ) ചാടിയാൽ മറ്റൊരു റിയാലിറ്റിയിലായിരിയ്ക്കും നമ്മൾ എത്തിച്ചേരുക എന്ന് പറയുന്നുണ്ട്. അയാളുടെ ആദ്യ മേജർ നോവലായ “ഹാർഡ് ബോയ്ൽഡ് വണ്ടർലാൻഡ്/എൻഡ് ഓഫ് ദി വേൾഡ്”-ൽ കാടിനു നടുവിലെ ഒരു കുഴിയാണ് ഒരു പ്രധാന പ്ലോട്ട് പോയിന്റ്. അതിൽ ചാടിയാൽ “വണ്ടർലാൻഡി”ൽ നിന്ന് രക്ഷപ്പെടാനാകൂ എന്നാണ് നായകൻ അനുമാനിയ്ക്കുന്നത്. കാമിയുടെ സ്ഥിരം പരിഭാഷകനായ ജേ റൂബിന് ഏറ്റവും ഇഷ്ട്ടപ്പെട്ട കാമി നോവലാണ് ഇത്. രണ്ടു പാരലൽ കഥകളാണ് നോവലിൽ. ഒരു ടെക്നോ ത്രില്ലർ ആണ് ആദ്യത്തേത് (ജോൺറെ ശ്രദ്ധിയ്ക്കുക). രണ്ടാമത്തേത് ഒരു വിഭ്രമലോകമാണ്. പോകെപ്പോകെ നായകന്റെ മനസ്സിലാണ് രണ്ടാമത്തെ കഥ നടക്കുന്നത് എന്ന് നമുക്ക് തോന്നും (അതാണ് ഉദ്ദേശ്യവും). വിചിത്ര ജീവികളും, തുരങ്കത്തിലൂടെയുള്ള പ്രയാണവും ഒക്കെ ആദ്യമായി കടന്നു വരുന്ന നോവലാണിത് – അവിടന്നങ്ങോട്ട് മുറകാമി ഒരു വിധം എല്ലാ നോവലുകളിലും സ്ഥിരമായി ഉപയോഗിയ്ക്കുന്ന ആശയങ്ങളാണ് ഇവയൊക്കെ. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വൈൻഡ് അപ്പ് ബേർഡ് (ഇതേ പേരിൽ ഇതേ പ്ലോട്ടുള്ള ഒരു ചെറുകഥയും അയാളുടെതായി ഉണ്ട്, ഇതും മറ്റൊരു കാമി trait ആണ്,Commendatore-യിലെ പ്രധാന പ്ലോട്ട് പോയിന്റ് ദി കേവ് എന്ന കഥയായി വന്നിട്ടുണ്ട്, ഉദാഹരണത്തിന്). കാണാതായ പൂച്ചയെ അന്വേഷിച്ചിറങ്ങുന്ന ഒരുത്തൻ ഒരു കിണറിലൂടെ മറ്റൊരു ലോകത്തെത്തുന്നതും മറ്റുമാണ് അതിന്റെ മെയിൻ സ്റ്റോറി. സബ് പ്ലോട്ടായാണ് മംഗോളിയയിലെ റഷ്യക്കാരുമായുള്ള യുദ്ധവും സൈബീരിയൻ തടങ്കൽ പാളയങ്ങളും എല്ലാം വരുന്നത്. ഇക്കാലം വരെ കാമി എഴുതിയതിൽ ഏറ്റവും മികച്ച ഉള്ളടക്കം ഈ ഭാഗത്താണ്). മലയാളികളുടെ ഇടയിൽ പോപ്പുലർ ആയ “കാഫ്ക”യിൽ കിണർ ഇല്ലെങ്കിലും മറ്റൊരു ലോകമുണ്ട് – കാട്ടിലാണ് അത് (വണ്ടർ ലാൻഡിൽ നായകനോട് കാട്ടിൽ പോകരുത് എന്ന് പറയും, ഇവിടെയും അത് തന്നെ, അവർ പോകും എന്ന് നമുക്കറിയാം). കാഫ്ക എന്നാൽ അണ്ടർഡെവലപ്പ്ഡ് പ്ലോട്ടുള്ള നോവലാണ്. മുറകാമി നോവലുകളിൽ തന്നെ ഇതും “സുക്കുരു റ്റസാക്കി” എന്ന നോവലുമാണ് എനിയ്ക്കു ഇത്തരത്തിൽ തോന്നിയിട്ടുള്ളത്. സുക്കുരുവിൽ വ്യത്യസ്‍തമായ കഥയാണ് – ആദ്യമായി തന്റെ ഒരു നായകന് ഒരു ഗേ അനുഭവമുണ്ടാകുന്നത് ഒക്കെ വിവരിയ്ക്കുന്ന കാമി, ആ സബ് പ്ലോട്ട് മൊത്തം മറന്നുപോയ പോലെയാണ് പിന്നെ നോവൽ എഴുതിയിരിയ്ക്കുന്നത്. സുക്കുരുവും “നോർവീജിയൻ വുഡ്ഡും” കേന്ദ്രത്തിൽ ദി സൊ കോൾഡ് മാജിക്കൽ റിയലിസം ഒന്നുമില്ലാത്ത നോവലുകളാണ് (സുക്കുരുവിന്റെ സബ് പ്ലോട്ടിൽ ഉണ്ട്, പക്ഷെ അത് പിന്നെ ഡെവലപ്പ് ആവുന്നില്ല) – ആദ്യത്തേതിൽ ഒരു സ്‌കൂൾ കാല സൗഹൃദഗ്രൂപ്പിൽ നിന്ന് പുറത്താക്കപ്പെട്ട ഒരുത്തൻ തന്നെ സംബന്ധിച്ച ഒരു വലിയ രഹസ്യം അറിയുന്നതും, അതിനെപ്പറ്റി അന്വേഷിയ്ക്കാൻ, സാധാരണ കാമി കഥാപാത്രങ്ങൾ ചെയ്യാത്തപോലെ വിദേശത്തു പോവുന്നതും ഒക്കെയാണ്. Liszt-ന്റെ സംഗീതമാണ് ഈ നോവലിന്റെ പശ്ചാത്തലത്തിൽ (അതാണ് പേരിന്റെ പിന്നിൽ). നോർവീജ്യൻ വുഡ്‌ഡിൽ കാമി പലപ്പോഴും റെഗുലർ, അകംപ്ലിഷ്ഡ് എഴുത്തുകാരെപ്പോലെ തന്റെ എഴുത്തിലെ ക്ലാസിക് ശൈലി ഉപയോഗിയ്ക്കുന്നത് കാണാം. നായകൻ തന്റെ ഡോർമിറ്ററിയുടെ ടെറസിൽ കയറി തന്റെ കയ്യിലെ കുപ്പിയിലെ ഒരു മിന്നാമിനുങ്ങിനെ തുറന്നു വിടുന്നതിന്റെ ദീർഘമായ വിവരണം കാമി തന്നെ എഴുതിയതിൽ ഏറ്റവും സുന്ദരമായ പാസേജാണ്. സത്യത്തിൽ അമ്മട്ടിൽ തുടർന്നിരുന്നെങ്കിൽ കാമിയെ ആളുകൾ കാണുന്ന വിധം മാറിയേനെ എന്നെനിയ്ക്ക് തോന്നിയിട്ടുണ്ട്. എന്നാൽ നോവലുകളിൽ അയാളുടെ ചെറുകഥകളുടെ ഒരു സോഫിസ്റ്റിക്കേഷൻ പലപ്പോഴും കാമി കാണിയ്ക്കുന്നില്ല എന്ന് കാണാം. “കില്ലിംഗ് കമൻഡറ്റോറി” എന്ന നോവൽ ഉദാഹരണത്തിന് – മറ്റിടങ്ങളിൽ സംഗീതത്തെപ്പറ്റി പറയുന്ന പോലെ ആധികാരികതയോടെ (അയാൾക്ക് ക്ലാസ്സിക് സംഗീതത്തിൽ അത്ര കണ്ട് അറിവില്ല എന്ന് “അബ്സലിയൂട്ട്ലി മ്യൂസിക്” എന്ന അയാളുടെ തന്നെ പുസ്‌തകത്തെപ്പറ്റി ഒരു മ്യൂസിഷ്യൻ എഴുതിയ റിവ്യൂവിൽ കണ്ടിട്ടുണ്ട് – അതെവിടെയാണ് കണ്ടത് എന്ന് ഇപ്പോൾ ഓർക്കുന്നില്ല) ചിത്രകലയെപ്പറ്റി പറയുന്നതാണ് ഈ നോവലിന്റെ ഹൈലൈറ്റ്. ഒരു പെയിന്ററുടെ ലോകം വളരെ വിദഗ്ദമായി അയാൾ പിടിച്ചെടുക്കുന്നുണ്ട്. എന്നാൽ പിന്നെ കിണറും, അപരലോകവും, തുരങ്കവും ആവർത്തിയ്ക്കുന്നു. വൈൻഡ് അപ്പിലെ പോലെ ചരിത്രവും, മറ്റും മിക്സ് ചെയ്യാനുള്ള ശ്രമവും ഇതിലുമുണ്ട്. അതാണ് നോവലിന്റെ ന്യൂനതയും. “1Q84” -ൽ നായിക ഒരു ഹൈവേയിലെ സർവീസ് ലീഡർ ഇറങ്ങി താഴെ ചെല്ലുന്നതോടെയാണ് മറ്റൊരു ലോകത്ത് പ്രവേശിയ്ക്കുന്നത് (കിണർ അല്ല, കിണർ മാതിരി), കാമിയുടെ “സ്ട്രോങ്ങ്” നായികയാണ് അമാമേ എന്ന നായിക. എന്നാൽ അവരെയും സ്‌പെഷൽ ആക്കാൻ ലെസ്ബിയൻ സെക്സ്, നല്ല ആകൃതിയുള്ള തലയുള്ളവരുമായുള്ള സെക്സ് എന്നൊക്കെ ഓരോ ഒബ്സെഷൻസ് കൂട്ടിച്ചേർക്കുകയാണ് കാമി. ആദ്യ നോവലിൽ നായികയുടെ മുലയെപ്പറ്റി ഒരു കാഷ്വൽ പരാമർശമാണ് ഉള്ളത്. വണ്ടർ ലാൻഡിലും നായികയുടെ മുലകൾ എഴുത്തുകാരന് പ്രധാനമാണ്. 1Q84-ലെ പബ്ലിഷർ മൈനർ ആയ നായികയോട് മുലകൾ പ്രൊജക്റ്റ് ചെയ്യുന്ന സ്വെറ്റർ വേണം മീറ്റ് ദി പ്രെസ്സിൽ ഇടാൻ എന്ന് നിഷ്ക്കര്ഷിയ്ക്കുന്നു. കൂടാതെ പതിനേഴു വയസുള്ള നായിക മുപ്പതുവയസ്സുള്ള നായകന്റെ മേലെ കയറി ഇരുന്നാണ് സെക്സ് ചെയ്യുന്നത്. ഇജ്ജാതി ഫെറ്റിഷുകൾ കണ്ടാൽ, മുറകാമി നോവലിസ്റ്റുകളുടെ ഇടയിലെ സനൽകുമാർ ശശിധരനാണ് എന്ന് തോന്നിപ്പോവും. നോർവീജിയൻ വുഡ്ഢിൽ വൃദ്ധയായ പിയാനോ ടീച്ചറെ സെക്‌സിന് പ്രേരിപ്പിയ്ക്കുന്ന പതിമൂന്നുകാരിയുണ്ട്. നായകനുമായി അവർ അയാളുടെ കാമുകിയെന്ന മട്ടിൽ ഹോസ്റ്റലിൽ വച്ച് രമിച്ചു എന്ന് ഹിൻറ് ചെയ്യുന്നുണ്ട്. കാഫ്കയിൽ പതിനഞ്ചുവയസ്സുകാരന് ഹാൻഡ്‌ജോബ് ചെയ്തുകൊടുക്കുന്ന ഉദാരമതിയായ യുവതിയുണ്ട്. കില്ലിങ്ങിൽ പതിമൂന്നുകാരിയെ സെക്സ് ഒബ്ജക്റ്റ് പോലെയാണ് അവതരിപ്പിയ്ക്കുന്നത്, നായകനോട് അവൾ ഇങ്ങോട്ടു സെക്സ് ആവശ്യപ്പെടുകയാണ്. വൈൻഡ് അപ്പിൽ പതിഞ്ചുകാരിയായ നായികയും ഒബ്‌ജക്റ്റാണ് (Her breasts were not big enough, and they were asymmetrical. Her pubic hair grew like a patch of grass that had been trampled by a passing army എന്നാണ് 1Q84-ൽ, മറ്റൊരിടത്ത് Lopsided breasts, pubic hair like a poorly tended soccer field എന്ന്, ബാഡ് സെക്സ് റൈറ്റിംഗിന് അവാർഡ് സ്ഥിരമായി വാങ്ങുന്ന ആളാണ് കാമി, അതിനും മേലെയാണ് ഇത്തരം വിവരണങ്ങൾ). ഇമ്മാതിരി വിയേഡ് ആശയങ്ങളും ആവർത്തനവിരസതയുമാണ് മുറകാമി നോവലുകളുടെ ഏറ്റവും വലിയ ന്യൂനത. എന്നാൽ അവയൊഴിച്ചു നിറുത്തിയാൽ വലിയ ഫിലോസഫിയോ, ക്രീയേറ്റീവ് റൈറ്റിങ്ങിലെ രഹസ്യങ്ങളോ, പാഠങ്ങളോ ഒന്നും വെളിപ്പെടുത്താൻ നിൽക്കാതെ, നേരെ ചൊവ്വേ കഥപറയുന്ന രീതിയാണ് കാമിയുടേത്. 1Q84 പോലുള്ള നോവലുകളിൽ അസാധാരണമായ ഒരു ഫാന്റസി വേൾഡ് ഉണ്ട് – എന്നാൽ ആ ലോകത്ത് എല്ലാം സാധാരണപോലെയാണ് നമുക്ക് കാണാൻ കഴിയുക (ചെറിയ മനുഷ്യരും, രണ്ടു ചന്ദ്രന്മാരും എല്ലാമുണ്ട് താനും). വലിയ മിടുക്കോടെയാണ് കാമി ഇത് സാധിയ്ക്കുന്നത് (എന്റെ അഭിപ്രായത്തിൽ വൈൻഡ് അപ്പ്‌ -നോട് കിടപിടിയ്ക്കുന്ന നോവലാണ് 1Q84, അതിലെ കഥാപാത്രങ്ങളെ നമ്മൾ ഓർത്തുവയ്ക്കും). കില്ലിങ്ങിലെ പെയിന്റിങ്ങിന്റെ രഹസ്യം വെളിപ്പെടുത്തുന്നത് ഇതുപോലൊരു സംഗതിയാണ്. അഥവാ, കാമി റിസേർച് ഒക്കെ കാര്യമായി നടത്തുന്നുണ്ട്. എന്നാൽ അയാളുടെ വിജയമന്ത്രം റീമിക്‌സിംഗാണ് (നോർവീജിയനിലെ വിദൂരപ്രദേശത്തെ വീട്, 1Q84-ൽ നായികയുടെ വീടായി വീണ്ടും വരുന്നു, ഇങ്ങനെ കുറെയുണ്ട്)‌. സത്യത്തിൽ കാമിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നോവലുകളിൽ ഡോസ്റ്റോയുടെ പൊസ്സെസ്‌ഡ് ഒക്കെയുണ്ടെന്നു വായിയ്ക്കുമ്പോൾ നമ്മുടെ അത്ഭുതം തോന്നും (ഡോസ്റ്റോയുടെ ഏറ്റവും മികച്ച നോവലാണ് അത്, കരമസൊവിനൊപ്പം). കാർവറേയും, ഫിറ്റ്‌സ്ജെറാൾഡിനെയും ഒക്കെയിഷ്ടപ്പെടുന്നു എന്ന് കേട്ടാലും നമുക്ക് അതേപോലെ തോന്നും. കാമിയ്ക്ക് നൊബേൽ കൊടുക്കുന്നതിനെപ്പറ്റി ചർച്ചയുണ്ടാവുമ്പോൾ എനിയ്ക്ക് തമാശ തോന്നാറുണ്ട്. കാരണം അയാളേക്കാൾ മികച്ച ഒരു ഇരുപത് എഴുത്തുകാരെങ്കിലും ഇപ്പോൾ എഴുതുന്നുണ്ട്. കഴിഞ്ഞ മുപ്പതുവര്ഷമായി എഴുതുന്നുണ്ട്. തന്റെ ടെക്നിക്കിൽ (അതിന്റെ വിജയത്തിലും) ഉറച്ചുപോയ ഒരു എഴുത്തുകാരനായാണ് ഞാൻ കാമിയെ കാണുന്നത്. “നോവലിസ്റ്റ് ആസ് എ വൊക്കേഷൻ” എന്ന മുറകാമിയുടെ എഴുത്തു “ഫിലോസഫി” പുസ്തകം അടുത്ത നവംബറിൽ വരുന്നുണ്ട്. പ്രമുഖ മുറകാമി വിരോധികളൊക്കെ അതിനെ പരിഹസിച്ചു ട്വീറ്റും ചെയ്യുന്നുണ്ട്. കാമി അലസനായ ഒരു നോവലിസ്റ്റാണ് എന്നാണ് എന്റെ വിചാരം (കഴിഞ്ഞ രണ്ടു വര്ഷം കൊണ്ട് അയാൾ പബ്ലിഷ് ചെയ്ത ഒരു വിധം എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്, റീ റീഡുകൾ അടക്കം).

അയാളുടെ ‌ചെറുകഥകൾ എന്നാൽ വേറൊരു ലോകമാണ്. അതിനെപ്പറ്റി മറ്റൊരിയ്ക്കൽ. നമ്മൾ പെട്ടെന്ന് ശ്രദ്ധിയ്ക്കാത്ത പലതും അവയിലുണ്ട്.

 

2 thoughts on “മുറകാമി സാഹിത്യം”

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top