ഇന്റർനാഷണൽ ബുക്കർ ലിസ്റ്റ് വന്നിട്ടുണ്ട്. ഇത്തരം ലിസ്റ്റുകൾ കൊണ്ട് എന്റെ വായനയ്ക്ക് ഉപകാരമൊന്നുമില്ല എന്നത് കൊണ്ട് ഞാനിപ്പോൾ ഇവയൊന്നും കാര്യമായി എടുക്കാറില്ല. എന്നാൽ ഈ വര്ഷം ആദ്യം ഞാൻ ചെറു കുറിപ്പെഴുതിയ പുസ്തകം – ഇയ ജെൻബെർഗിന്റെ (ഉച്ചാരണം മറന്നുപോയി, ഇങ്ങനെയല്ല) ഡീറ്റെയിൽസ് എന്ന പുസ്തകം ലിസ്റ്റിലുണ്ട്. കദാരയുടെ പുസ്തകം വെറും ചവറാണ്. എഴുത്തു കരിയറിന്റെ അവസാനമാകുമ്പോൾ പാമുക്കിനെപ്പോലെ സ്വയം ഞെക്കിപ്പിഴിഞ്ഞു എഴുത്തുണ്ടാക്കുകയാണ് കദാരെയും എന്നാണ് എനിയ്ക്ക് തോന്നിയത്. ലിസ്റ്റിൽ ഡൊമെനിക്കോ സ്റ്റാർനണിന്റെ ബുക്കുണ്ട്. അയാളുടെ ട്രിക്ക് എന്ന പുസ്തകം ഉഗ്രനാണ്. അതിന്റെ ഒപ്പം ഇവിടെ വന്ന ടൈസ് എന്ന പുസ്തകം എനിക്കിഷ്ടമായില്ല. ഈ പുസ്തകം എന്റെ കയ്യിലുണ്ട്. ഞാൻ വായിച്ചു തുടങ്ങിയിരുന്നു, പിന്നെ വിട്ടുപോയി – ലാഹിരി ഇയാളെപ്പറ്റി ലേഖനങ്ങളിൽ എഴുതിയത് വായിച്ചാണ് ഈ പുസ്തകത്തിലൊരു കമ്പം കയറിയത്. സ്റ്റാർനൻ ആണ് ഫിറാന്തേ എന്ന് ഇടക്കാലത്തു റൂമറുകൾ ഉണ്ടായിരുന്നു. അതൊന്നും ശരിയല്ലെന്ന് തെളിഞ്ഞിരുന്നു. ഫിറാന്തേ വൃദ്ധയായ ഒരു സ്ത്രീയാണ് എന്നാണ് ഇപ്പോൾ ഉള്ള ഒരു തീർച്ച (അതിൽ വലിയ കാര്യമൊന്നുമില്ല, അവർ ഫെമിനിസ്റ്റ് എഴുത്തിന്റെ ഗതി മാറ്റി മറിച്ചു എന്നതാണ് പ്രധാനം. ലെഫ്റ്റ് ലീനിങ് എഴുത്ത് മറ്റു സമാന ഇറ്റാലിയൻ, യൂറോപ്പ്യൻ സ്ത്രീ എഴുത്തുകാരിലേയ്ക്ക്, പഴയവരും, പുതിയവരും, ശ്രദ്ധ എത്താനും കാര്യമായി ). അതുപോട്ടെ, ഇക്കൂട്ടരിൽ, ജെൻബെർഗിന് വിജയം കിട്ടട്ടെ എന്നാശംസിയ്ക്കുന്നു.
